അപവാദ പ്രചാരണം, പാലക്കാട് വനിതാ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു
July 12, 2018, 10:28 pm
പാലക്കാട്: സോഷ്യൽ മീഡയയിൽ അടക്കം ചിലർ നടത്തുന്ന അപവാദ പ്രചാരണത്തിൽ മനംനൊന്ത് പാലക്കാട് മങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.ജിൻസി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജിൻസിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനിക്ക‌ും പാർട്ടിക്കുമെതിരെ വീടുകൾ തോറും കയറിയിറങ്ങി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുന്നതായി കാട്ടി ജിൻസി ഇന്ന് മങ്കര പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ജിൻസി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

മങ്കര പഞ്ചായത്തിലെ കാമകേളികൾ എന്ന തലക്കെട്ടിൽ ആരുടേതാണെന്ന് വ്യക്തമാക്കാത്ത തരത്തിലുള്ള ഒരു നോട്ടീസ് കഴിഞ്ഞ ദിവസം രാത്രി പൂലോടി വാർഡിലെ വീടുകളിൽ രാഷ്ട്രീയ പ്രതിയോഗികൾ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ വഴിയും അപവാദ പ്രചാരണങ്ങൾ നടന്നു. മങ്കര പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരനൊപ്പം സി.പി.എം അംഗമായ ജിൻസിയെ കണ്ടെന്നും ഇത് പാർട്ടിക്ക് അലങ്കാരമാണെന്നുമുള്ള തരത്തിലാണ് നോട്ടീസ് പ്രചരിച്ചത്. പിന്നാലെ ഗൾഫിൽ ജോലി ചെയ്യുന്ന ജിൻസിയുടെ ഭർത്താവ് ഇതേപ്പറ്റി ചോദിച്ചുവെന്നും ഇതിൽ മനംനൊന്താണ് അവർ ആത്മഹത്യ ചെയ്‌തതെന്നുമാണ് വിവരം. മുമ്പ് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്‌തിരുന്ന ജിൻസി എയർ ഇഞ്ചക്ഷൻ ചെയ്‌താണ് മരിക്കാൻ ശ്രമിച്ചത്. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അതേസമയം, ജിൻസിക്കെതിരെ അപവാദ പ്രചാരണം നടത്തിവയരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് മങ്കര പൊലീസ് അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ