പോസിറ്റിവിറ്റിയുമായി നയൻതാര
July 9, 2018, 1:56 pm
പ്രണയവും പരാജയവുമൊക്കെ കരിയറിനെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. എന്നാൽ, നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയം നയൻസിന് സമ്മാനിച്ചത് മായ്ക്കാനാവാത്ത ഒരു അടയാളമായിരുന്നു. തന്റെ ഇടം കൈയിൽ പ്രഭു എന്ന് ഇംഗ്ലീഷിലും തമിഴിലുമായി ടാറ്റു കൊത്തി വയ്ക്കുകയായിരുന്നു നയൻസ്. ആ പ്രണയം പൊട്ടിയപ്പോൾ പച്ചകുത്തിയതു മാത്രം മാഞ്ഞില്ല. വലിയ വളയണിഞ്ഞും ഷാളുകൊണ്ട് കൈ മറച്ചുമാണ് താരം പിന്നീട് രംഗത്തെത്തിയത്. എന്നാൽ, ഇപ്പോൾ തന്റെ ടാറ്റുവിന് പുതിയ രൂപം നൽകിയിരിക്കുകയാണ് താരം. പ്രഭുവിലെ ആദ്യ അക്ഷരമായ 'പി' നിലനിറുത്തിക്കൊണ്ടു തന്നെ വാക്കുകൾക്ക് ചെറിയ മാറ്റം വരുത്തി. നയൻസിന്റെ കൈയിൽ ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും ആ വാക്ക് ഇപ്പോൾ 'പോസിറ്റിവിറ്റി' എന്നായി. തന്റെ പുതിയ റിലീസായ കോലമാവ് കോകിലയിൽ വളയിട്ട് കൈമറയ്ക്കാതെ താരം ധൈര്യമായി പ്രത്യക്ഷപ്പെട്ടതും ഈ 'പോസിറ്റിവിറ്റി' കൊണ്ടു തന്നെയാണ്.

കിടുക്കൻ ട്രെയിലറുമായി കോലമാവ് കോകില
മുറ്റത്തിടുന്ന കോലമാവിൽ വരെ മയക്കുമരുന്ന് കടത്തുന്ന ക്യാരിയർ ഗേളായി നയൻസ് എത്തുന്ന ചിത്രമാണ് കോലമാവ് കോകില. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ആക്ഷനു പ്രാധാന്യമുള്ള ചിത്രമാണിതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. മാഫിയാ പ്രവർത്തനങ്ങളുമായി ബന്ധമുള്ള ഒരു കഥാപാത്രത്തെ നയൻതാര അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. ഇന്നലെ റിലീസ് ചെയ്ത ട്രെയിലറിന് ഇതിനോടകം തന്നെ വലിയ പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. യോഗി ബാബു, ശരണ്യ പൊൻവണ്ണൻ, ഹരീഷ് പേരടി, അരന്താങ്കി നിഷ, ജാക്വിലിൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കിയത് ദിലീപ് കുമാറാണ്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അല്ലിരാജ സുബസ്‌കാരൻ. ആക്ഷനും ഹൊററിനും പ്രാധാന്യം നൽകുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ