കപിൽ ശർമ്മയുടെ ജീവിതം സിനിമയാകുന്നു
July 9, 2018, 3:17 pm
ബോളിവുഡിൽ ഇപ്പോൾ ബയോപിക്കുകളുടെ കാലമാണ്. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി രാജുകുമാർ ഹിറാനി ഒരുക്കിയ സഞ്ജു ബോക്‌സോഫീസിൽ ശതകോടികൾ കടന്ന് മുന്നേറുകയാണ്. രൺബീർ കപൂർ നായകനായ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

എം.എസ് ധോണി ദി അൺടോൾഡ് സ്‌റ്റോറി, ഡേർട്ടി പിക്‌ചർ, ഭാഗ് മിൽഖ ഭാഗ്, മേരികോം എന്നിവയെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. പ്രശസ്‌തായ വ്യക്തികളുടെ ജീവിതം സിനിമയാകുമ്പോൾ അതിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന സ്വീകരണം തന്നെയാണ് അത്തരം സിനിമകൾ എടുക്കാൻ സംവിധായകർക്ക് ഊർ‌ജമേകുന്നത്.

അത്തരമൊരു തീരുമാനത്തിന്റെ പാതയിലാണ് സംവിധായകനായ മനോജ് തിവാരി. ടെലിവിഷൻ അവതാരകനായ കപിൽ ശർമ്മയുടെ ജീവിതമാണ് മനോജ് സിനിമയാക്കുന്നത്. സഞ്ജു എന്ന ചിത്രം കണ്ടതിന് ശേഷമാണ് അത്തരമൊരു ആശയം തന്നിലേക്ക് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കപിൽ തന്നെ അദ്ദേഹത്തിന്റെ ജീവിതകഥ പറയണമെന്നതാണ് തന്റെ ആഗ്രഹമെന്നും, ഇനി അദ്ദേഹത്തിന് അതിന് സമ്മതമല്ലെങ്കിൽ നടൻ കൃഷ്‌ണ അഭിഷേകാണ് അടുത്ത ചോയിസെന്ന് മനോജ് തിവാരി കൂട്ടിച്ചേർത്തു.

കോമഡി നൈറ്റ്‌സ് അടക്കമുള്ള പ്രമുഖ ഹാസ്യപരിപാടികളുടെ അവതാരകനായ കപിൽ, അടുത്തിടെ ഏറെ വിവാദങ്ങളും സൃഷ്‌ടിച്ചിരുന്നു. പൊതുപരിപാടിയിൽ വച്ച് മാദ്ധ്യമ പ്രവർത്തകനെ അപമാനിച്ചതും, സഹപ്രവർത്തകനായ സുനിൽ ഗ്രോവറുമായുള്ള കലഹവുമെല്ലാം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ