ബിഷപ്പ് സ്വന്തം അശ്ലീല വീഡിയോ അയച്ചുതന്നെന്ന് കന്യാസ്ത്രീയുടെ മൊഴി
July 10, 2018, 11:53 am
കോട്ടയം: താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ഫോണിൽ അശ്ളീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അയച്ചുവെന്ന് കന്യാസ്ത്രീയുടെ രഹസ്യമൊഴി. ചങ്ങനാശേരി മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയിലെ വിവരങ്ങൾ പുറത്തായി. 208 പേജുള്ള രഹസ്യ മൊഴിയിൽ രണ്ടു വർഷം നീണ്ടു നിന്ന അതിക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ കന്യാസ്ത്രീ തുറന്ന് പറഞ്ഞിട്ടുണ്ട്. പൊലീസിന് നൽകിയ മൊഴിയിലെ വിവരങ്ങൾ വിശദമായി മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയിൽ ആവർത്തിച്ചിട്ടുണ്ട്.

രഹസ്യ മൊഴിയിലെ പ്രസക്ത ഭാഗങ്ങൾ: ''ബിഷപ്പ് രണ്ടുവർഷം തുടർച്ചയായി പിന്തുടർന്ന് പീഡിപ്പിച്ചു. തന്നോട് വ്യക്തിവൈരാഗ്യത്തോടെയാണ് പെരുമാറിയത്. പല തവണ ബിഷപ്പ് ഫോണിൽ വിളിച്ച് ലൈംഗിക താത്പര്യം വ്യക്തമാക്കിയിരുന്നു. താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും, ഫോണിൽ അശ്ളീല സന്ദേശങ്ങളും ബിഷപ്പിന്റെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചു നൽകി. എന്നാൽ, ഇത് ആദ്യമൊന്നും ഗൗരവമായി എടുത്തില്ല. ഇതിനിടെ തന്നെ ളോഹ ഇസ്തിരിയിട്ടു നൽകാനെന്ന പേരിൽ മുറിയിലേയ്ക്കു വിളിച്ചു വരുത്തി ബിഷപ്പ് പീഡിപ്പിക്കുകയായിരുന്നു. ബിഷപ്പ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. പീഡനം തുടർന്നതോടെ സഭയിലെ ഉന്നതർ അടക്കമുള്ളവർക്കു പരാതി നൽകി. എന്നാൽ, എല്ലാവരും തന്നെ പുച്ഛിക്കുകയും പരിഹസിക്കുകയുമായിരുന്നു. തുടർന്ന് മറ്റേതെങ്കിലും ഇടവകയിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ചു. അതോടെ ബിഷപ്പ് തനിക്കെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചു. അച്ചടക്ക ലംഘനത്തിന്റെ പേര് പറഞ്ഞ് നടപടിയെടുത്തു. പല തവണ ദ്രോഹിച്ചു. കുറവിലങ്ങാട്ടെ ആശ്രമത്തിലേയ്ക്കു മാറ്റം ചോദിച്ചു വാങ്ങി. എന്നാൽ, ഇവിടെയെത്തിയും ബിഷപ്പ് പീഡിപ്പിച്ചതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ ഗതികെട്ടാണ് പരാതി നൽകിയത്''.

പൊലീസിന് നൽകിയ മൊഴിതന്നെ കന്യാസ്ത്രി രഹസ്യമൊഴിയിലും അവർത്തിച്ചതോടെ ബിഷപ്പിനെതിരായ തെളിവുകൾ കൂടുതൽ ശക്തമായി. ഈ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരെ തെളിവുകളെല്ലാം കാട്ടി ബോധ്യപ്പെടുത്തി തുടർ നടപടികളിലേയ്ക്കു കടക്കുന്നതിനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെയും അനുമതി ലഭിച്ചാൽ ഈ ആഴ്ച തന്നെ പൊലീസ് സംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്യും. ഇതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പിന് നോട്ടീസ് അയക്കും. ഇതിന് ശേഷമാവും അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് കടക്കുക. ഇത്തരം ഒരു സാഹചര്യമുണ്ടായാൽ ഒരു ബിഷപ്പിനെ ലൈംഗിക പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ സംഭവമാകുമിത്. തെളിവുകളെല്ലാം ബിഷപ്പിന് എതിരായ സാഹചര്യത്തിൽ അറസ്റ്റല്ലാതെ മറ്റൊരു മാർഗവും ഇനിയില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ