എണ്ണ ഇറക്കുമതി കുറച്ചാൽ 'പ്രത്യേക അവകാശ' പദവി നഷ്ടമാകുമെന്ന് ഇന്ത്യയോട് ഇറാൻ
July 11, 2018, 10:37 am
ന്യൂഡൽഹി: അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യ,​ തങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. അത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ ഇന്ത്യയ്ക്ക് നൽകിയിരിക്കുന്ന 'പ്രത്യേക അവകാശ' പദവി നഷ്ടമാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഇറാനെ ഒഴിവാക്കി അമേരിക്ക,​ സൗദി അറേബ്യ,​ റഷ്യ,​ ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം അംഗീകരിക്കാനാകാത്തതാണെന്ന് ഇറാന്റെ ഡെപ്യൂട്ടി അംബാസഡർ മസൗദ് റെസ്‌വാനിയൻ റഹഗി പറഞ്ഞു.

ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ വർഷം നവംബർ നാലിനകം ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് അമേരിക്ക കഴിഞ്ഞ മാസം അന്ത്യശാസനം നൽകിയിരുന്നു. എണ്ണ ഇടപാട് കുറച്ചുകൊണ്ടുവന്ന് നവംബർ നാലോടെ അത് പൂർണമായും നിറുത്തണമെന്നാണ് യു.എസിന്റെ നിർദ്ദേശം. ഇന്ത്യയ്ക്കും ചൈനയ്‌ക്കും മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കാര്യത്തിൽ ഇളവ് നൽകാനാകില്ലെന്നും വാണിജ്യ ഉപരോധം അവർക്കും ബാധകമാണെന്നുമാണ് അമേരിക്കൻ നിലപാട്.

എണ്ണ വിഷയം കൂടാതെ ഇറാനിലെ ഛാബഹർ തുറമുഖത്തിന്റെ വികസനത്തിന് നിക്ഷേപം ആകർഷിക്കാമെന്ന വാഗ്ദാനം ഇന്ത്യ പാലിക്കാത്തതിലും ഇറാന് അമർഷമുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യ ഉടൻ സത്വര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെ റഹഗി പറഞ്ഞു. ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന ഊർജ പങ്കാളിയാണ് ഇറാനെന്നും ഇരു രാജ്യങ്ങളിലേയും വിതരണക്കാരുടേയും ഉപഭോക്താക്കളുടേയും താൽപര്യങ്ങൾക്ക് അനുസരിച്ച് യുക്തിപരമായ നിരക്കിലാണ് എണ്ണ നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എണ്ണ ഉൽപാദനത്തിൽ ലോകത്ത് മൂന്നാംസ്ഥാനമാണ് ഇറാനുള്ളത്. ഇറാക്കും സൗദി അറേബ്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 2017 ഏപ്രിൽ മുതൽ 2018 ജനുവരി വരെ 10 മാസങ്ങളിൽ 18.4 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് ഇറാൻ കയറ്റി അയച്ചത്. ഇന്ത്യയും ചൈനയുമാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ