ഫ്രാൻസിനെ തള്ളി ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തി
July 11, 2018, 12:26 pm
പാരീസ്: അതിസമ്പന്നരായ ഫ്രാൻസിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ, ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി. ലോകബാങ്കിന്റെ 2017ലെ പട്ടികയാണ് ഇപ്പോൾ പുറത്ത് വന്നത്. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2.597 ട്രില്യൺ ഡോളറാണ്. ഈ കാലയളവിൽ ഫ്രാൻസിന്റേത് 2.582 ട്രില്യൺ ഡോളറാണ്.

അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്.

നേരത്തെ മന്ദഗതിയിലായിരുന്ന സമ്പദ്‌വ്യവസ്ഥ 2017 ജൂലായ്ക്ക് ശേഷം കുതിച്ചു കയറുകയായിരുന്നു. നിർമാണ മേഖലയും ഉപഭോക്തൃ മേഖലയുമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലക ശക്തികളായി ലോകബാങ്ക് വിലയിരുത്തിയിരിക്കുന്നത്. നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെങ്കിലും പിന്നീടുണ്ടായ തിരിച്ചുവരവിനേയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഒരു ദശാബ്ദത്തിനിടെ ഇന്ത്യയുടെ ജി.ഡി.പി ഇരട്ടിയായിരുന്നു. ചൈനയുടെ സമ്പദ്‌വ്യവസ്ഥ താഴേക്ക് പോയപ്പോൾ ഏഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിബിംബമായി ഇന്ത്യ മാറുകയായിരുന്നു.

അന്താരാഷ്ട്ര നാണ്യനിധിയുടെ വിലയിരുത്തൽ അനുസരിച്ച് ഈ വർഷം ഇന്ത്യയുടെ വളർച്ച 7.4 ശതമാനാണ്. 2019ൽ അത് 7.8 ശതമാനം ആകുമെന്നാണ് കണക്ക്. ഭവന പദ്ധതികൾക്കുള്ള ചെലവിടലും നികുതി പരിഷ്‌കരണവുമാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ