പൃഥ്വിരാജിന് ഓണച്ചിത്രമില്ല
July 19, 2018, 9:51 am
മലയാളികളുടെ ഇഷ്ടതാരം പൃഥ്വിരാജിന് ഇത്തവണ ഓണച്ചിത്രമുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. പൃഥ്വിരാജ് നായകനായ രണം, നയൻ എന്നീ ചിത്രങ്ങളിലൊന്ന് ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഓണം കഴിഞ്ഞേ ഈ ചിത്രങ്ങൾ തിയേറ്ററിൽ എത്താൻ സാദ്ധ്യതയുള്ളൂ. ഏറെക്കാലമായി റിലീസ് നീണ്ടുപോകുന്ന ചിത്രമാണ് രണം. യെസ് സിനിമാസിന്റെ ബാനറിൽ ആനന്ദ് പയ്യന്നൂർ നിർമ്മിച്ച് നിർമ്മൽ സഹദേവ് രചനയും സംവിധാനവും നിർവഹിച്ച രണം പൂർണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത്. റഹ് മാനും ഇഷാ തൽവാറുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

പൃഥ്വിരാജ് ആദ്യമായി നിർമ്മാതാവാകുന്ന ചിത്രമാണ് നയൻ. സോണി പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്. ഹിമാചൽ പ്രദേശാണ് പ്രധാന ലൊക്കേഷൻ. മംമ്ത മോഹൻദാസ്, പ്രകാശ് രാജ് എന്നിവരാണ് ഈ സയൻസ് ഫിക്ഷൻ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

അതേസമയം പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് വണ്ടിപ്പെരിയാറിൽ പുരോഗമിക്കുകയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലാണ് നായകൻ. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ആഗസ്റ്റ് ആദ്യവാരം തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും. ആഗസ്റ്റ് 6 മുതൽ സെപ്തംബർ 15 വരെ 40 ദിവസത്തെ ഷൂട്ടിംഗാണ് ഇവിടെ പ്ലാൻ ചെയ്തിരിക്കുന്നത്. ഹൈദരാബാദാണ് മറ്റൊരു ലൊക്കേഷൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ