മോദിക്ക് പിന്തുണ പ്രഖ്യാപിച്ച അവസരവാദികളുടെ വോട്ട് വേണ്ടെന്ന് കോൺഗ്രസ്
August 9, 2018, 7:08 pm
ന്യൂഡൽഹി: രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതിലൂടെ ബി.ജെ.പിയെ സഹായിക്കുകയാണ് ആം ആദ്മി ചെയ്‌തതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ശർമിഷ്ഠ മുഖർജി രംഗത്തെത്തി. രാഷ്ട്രീയത്തിൽ വ്യക്തിവൈരാഗ്യങ്ങളില്ലെന്നാണ് ആം ആദ്മി പറയുന്നതെങ്കിലും ഇന്നത്തെ തിരഞ്ഞെടുപ്പിലൂടെ ആം ആദ്മി തങ്ങളുടെ യഥാർത്ഥ മുഖം പുറത്തെടുത്തെന്നും അവർ ആരോപിച്ചു.

ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പിന്തുണ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ട് വിളിക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേജ്‌രിവാളിന്റെ നിലപാട്.  കോൺഗ്രസ് നേതാക്കന്മാരായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, അഹമ്മദ് പട്ടേൽ എന്നിവർ ആം ആദ്മി നേതാക്കളുമായി ഇത് സംബന്ധിച്ച ചർച്ചകളും നടത്തിയിരുന്നു. ഇതേത്തുടർന്ന് പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന ബി.കെ.ഹരിപ്രസാദിനെ പിന്തുണയ്‌ക്കാൻ ധാരണയായെങ്കിലും രാഹുൽ ഗാന്ധി നേരിട്ട് വിളിക്കാത്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതെന്നാണ് ആം ആദ്മി വൃത്തങ്ങൾ നൽകുന്ന സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ രാഹുൽ ഗാന്ധിക്ക് ആലിംഗനം ചെയ്യാമെങ്കിൽ സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്ക് പിന്തുണ ആവശ്യപ്പെടാൻ അദ്ദേഹത്തിന്  സങ്കോചമെന്താണെന്നും ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ചോദിച്ചു. എന്നാൽ മോദിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരിൽ നിന്ന് പിന്തുണ ആവശ്യപ്പെടേണ്ടതില്ലെന്നാണ് ശർമിഷ്‌ട മുഖർജി ഇക്കാര്യത്തിൽ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും അവിടെ അവസരവാദികൾക്ക് സ്ഥാനമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി അനുവദിച്ചാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്ന് കഴിഞ്ഞ ജൂണിൽ കേജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ