മഴക്കെടുതി നേരിടാൻ തമിഴ്നാടിന്റെ അഞ്ച് കോടി, പൂർണ പിന്തുണയെന്ന് മോദി
August 9, 2018, 9:43 pm
ചെന്നൈ: കേരളത്തിലെ മഴക്കെടുതി നേരിടാൻ തമിഴ്നാട് സർക്കാർ അടിയന്തര ധനസഹായമായി അഞ്ച് കോടി രൂപ നൽകും. ആവശ്യമെങ്കിൽ കൂടുതൽ ധനസഹായം നൽകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാളി പളനിസാമി അറിയിച്ചു. അതിനിടെ കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തിലെ വെള്ളപ്പൊക്ക സംബന്ധമായ കാര്യങ്ങൾ ച‌ർച്ച ചെയ്‌തിട്ടുണ്ട്. ദുരന്തമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കൊപ്പം കേന്ദ്രസർക്കാർ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

അതേസമയം, മഴക്കെടുതി നേരിടാൻ കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാർ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും. വെള്ളിയാഴ്‌ച രാവിലെ പതിനൊന്ന് മണിക്കാണ് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണുന്നത്. നേരത്തെ മഴക്കെടുതി നേരിടാൻ മലയാള സിനിമയിലെ താര സംഘടനയായ അമ്മ അഞ്ച് ലക്ഷം രൂപ സർക്കാരിന് നൽകിയിരുന്നു. മുകേഷ് എം.എൽ.എയും ജഗദീഷും ചേർന്നാണ് തുക സർക്കാരിന് കൈമാറിയത്.

ദിവസങ്ങളായി തുടരുന്ന മഴയിൽ ഇന്ന് മാത്രം കേരളത്തിൽ 26 പേർ മരിച്ചതായാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനാൽ കേരളത്തിലെ 22 അണക്കെട്ടുകളുടെ ഷട്ടറുകളാണ് ഇതുവരെ ഉയർത്തിയത്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടർ ഇന്ന് തുറന്നിട്ടുണ്ട്. മുൻ കരുതലെന്ന നിലയിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 2300പേരെ 38 ക്യാംപുകളിലേക്ക് മാറ്റിയതായി എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ