മുഖ്യമന്ത്രിക്ക് നേരെയായിരുന്നു 'വെടിയെങ്കിൽ' അലൻസിയർ വിവരമറിയുമായിരുന്നു
August 10, 2018, 10:06 am
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മോഹൻലാലിന് നേർക്ക് 'തോക്കുപ്രയോഗം' നടത്തിയ നടൻ അലൻസിയറിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിൽ അലൻസിയറിന് രൂക്ഷവിമർ‌ശനവുമായി നടൻ ജോയി മാത്യുവും രംഗത്തെത്തിയിട്ടുണ്ട്.

അലൻസിയറുടെ പ്രവർത്തി പണ്ട് എം.ജി.ആറിനെതിരെ വെടിയുതിർത്ത എം.ആർ രാധയുടേതിനേക്കാൾ മാരകമാണെന്ന് ഫേസ്ബുക്ക് പേജിൽ ജോയി മാത്യു കുറിച്ചു. മോഹൻലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേർക്കാണ് ആ 'വിരൽ വെടി പോയതെങ്കിൽ' അലൻസിയർ വിവരമറിഞ്ഞേനെയെന്നും ജോയി മാത്യു പരിഹസിച്ചു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത് ?

സിനിമയിലെ സഹപ്രവർത്തകന് നേരെ ആദ്യം വെടിയുതിർത്തത് എം ആർ രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു .
വെടികൊണ്ടത് തമിഴ് സൂപ്പർ സ്റ്റാർ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാൽ എം ജി ആറിന് .
അതിനു പിന്നിൽ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു.
എന്നാൽ മോഹൻലാൽ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവർത്തകനായ അലൻസിയാർ.
ഭാഗ്യത്തിന് തോക്കിൽ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യിൽ ഇല്ലായിരുന്നു .
വിരൽ ആയിരുന്നു അലൻസിയാറിന്റെ സിംബോളിക് തോക്ക് .
അതിനാൽ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം.
പക്ഷെ വിരൽ അങ്ങനെയല്ലല്ലോ .
അത് പല ആവശ്യങ്ങൾക്കും പല അർഥത്തിൽ ഉപയോഗിക്കുന്നതാണല്ലോ.
വിരൽ പ്രയോഗങ്ങൾ പലതാണ് .
അഭിനയം പഠിച്ചവർക്ക് അത് നന്നായി അറിയുകയും ചെയ്യാം.
സത്യത്തിൽ വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണ് ?
മോഹൻലാലിനെ മുഖ്യ അതിഥിയായി
പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹർജി നിഷ്ക്കരുണം
ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ
സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ 'വിരൽ വെടി' ഉതിർക്കേണ്ടിയിരുന്നത് ?
(എന്നാൽ വിവരമറിയും )
അതല്ല മോഹൻലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന
മുഖ്യമന്ത്രിയുടെ നേരെയാണ് ആ 'വിരൽ വെടി പോയതെങ്കിലോ ?
(അപ്പോൾ ശരിക്ക് വിവരമറിയും )
അനീതികൾക്ക് നേരെ ആരുടെ നേർക്കും മുട്ടിടിക്കാതെ വിരൽ ചൂണ്ടുന്നവനായിരിക്കണം കലാകാരൻ.
അല്ലാതെ സഹപ്രവർത്തകനെ പൊതു വേദിയിൽവെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച്
അപമാനിക്കുന്നത് എം .ആർ.രാധ രാഷ്ട്രീയപ്രേരിതമായി എം ജി ആറിന് നേർക്കു ഉതിർത്ത വെടിയുണ്ടയേക്കാൾ മാരകമാണ്'.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ