ഇടുക്കി അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നു, ചെറുതോണി പാലം മുങ്ങി
August 10, 2018, 3:08 pm
തൊടുപുഴ: കനത്ത മഴയെത്തുടർന്ന് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിക്കുന്നത് കണക്കിലെടുത്ത് ചെറുതോണി അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നു. പ്രതീക്ഷകൾ തെറ്റിച്ച് ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ മഴകനത്തതോടെയാണ് കൂടുതൽ ശക്തമായ നടപടിയിലേക്ക് അധികൃതർ കടന്നത്. പെരിയാറിന്റെ തീരത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിന് ശേഷമാണ് ഷട്ടറുകൾ തുറന്നത്. അണക്കെട്ടിൽ നിന്നും സെക്കൻഡിൽ ആറ് ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് അധികൃതരുടെ ശ്രമം.

നേരത്തെ, സെക്കൻഡിൽ 1.20 ലക്ഷം ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുകിയിരുന്നത്. ഇത് സെക്കൻഡിൽ 6 ലക്ഷം ലിറ്ററാക്കിയാണ് ഉയർത്തിയത്.ഇതുകൂടാതെ ജലനിരപ്പ് നിയന്ത്രണ വിധേയമായതിനെ തുടർന്ന് ഇടമലയാർ അണക്കെട്ടിലെ ഷട്ടറുകൾ അടയ്‌ക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എം.എം.മണി അറിയിച്ചു.
വെള്ളിയാഴ്‌ച ഉച്ചക്ക് ഒരു മണിക്കുള്ള കണക്ക് അനുസരിച്ച് 2401.60 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഷട്ടർ തുറന്നെങ്കിലും ജലനിരപ്പ് കുറഞ്ഞിട്ടില്ല. ഇടുക്കിയും ഇടമലയാറും ഒരുമിച്ച് വന്നതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്. എന്നാൽ ഇടമലയാറിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിട്ടുണ്ട്. ഇനി ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. പെരിയാറിന് സമീപത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുതോണി മുങ്ങി
അതേസമയം, അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതോടെ ചെറുതോണി പട്ടണം ഏതാണ്ട് വെള്ളത്തിനടിയിലാണ്. ചെറുതോണിയിലെ ബസ്‌ സ്‌റ്റാൻഡ് ഏതാണ്ട് ഒലിച്ചുപോയിട്ടുണ്ട്. ചെറുതോണിയിൽ നിന്നും കട്ടപ്പനയിലേക്ക് പോകുന്ന പാലം വെള്ളത്തിനടിയിൽ ആയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.

ആലുവയിൽ സൈന്യമെത്തി
വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ സർക്കാർ‌ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്‌ക്ക് ശേഷം അവധി നൽകിയിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ ആലുവയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ആർമി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 32 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് പൊലീസിനൊപ്പം പ്രവർത്തിക്കുന്നത്. നാല് കമ്പനി ദുരന്ത നിവാരണ സേന കൂടി ആലുവയിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ