തീറ്റയിൽ തോൽപ്പിക്കാനാവില്ല മക്കളേ...
August 10, 2018, 12:54 pm
ബംഗളൂരു: അഞ്ച് റാഗി ഉണ്ടകളും പത്ത് ചോളം റൊട്ടിയും തിന്നാൻ നാല്പത്തൊമ്പതുകാരനായ ശാന്തപ്പയ്ക്ക് വേണ്ടിവന്നത് വെറും പത്തുമിനിട്ട്. ഒപ്പം മത്സരിച്ചവർ പെടാപ്പാടുപെട്ടപ്പോഴാണ് അലുവ തിന്നുന്ന ലാഘവത്തിൽ ശാന്തപ്പ ഒറ്റയിരുപ്പിന് ഇത്രയും സാധനങ്ങൾ അകത്താക്കിയത്. ബാസവ ഗുട്ടിയിലെ ഒരു കാന്റീനിൽ നടന്ന തീറ്റമത്സരത്തിലായിരുന്നു തകർപ്പൻ പ്രകടനം.

നമ്മുടെ ഗോതമ്പ് ഉണ്ടയെക്കാളും വലിപ്പമുള്ളതായിരുന്നു റാഗി ഉണ്ടകൾ. ചോളം റൊട്ടികൾക്കും സാമാന്യത്തിലധികം വലിപ്പമുണ്ടായിരുന്നു. മത്സരത്തിൽ ജയിച്ചതോടെ അയ്യായിരം രൂപയും മുപ്പതുദിവസത്തെ സൗജന്യ ഭക്ഷണവുമാണ് ശാന്തപ്പയ്ക്ക് സമ്മാനമായി ലഭിച്ചത്.

പ്രദേശത്തെ തീറ്റക്കാരൻ ഒരാളാണെങ്കിലും ശാന്തപ്പ മത്സരത്തെക്കുറിച്ചറിഞ്ഞപ്പോൾ വൈകിപ്പോയി. രജിസ്ട്രേഷനായി വിളിച്ചെങ്കിലും സമയം കഴിഞ്ഞതിനാൽ സംഘാടകർ സ്വീകരിച്ചില്ല. നേരത്തേ രജിസ്റ്റർ ചെയ്തിരുന്ന ഒരാൾ എത്താത്തതിനെ തുടർന്നാണ് അവസരം ലഭിച്ചത്.

പ്രതീക്ഷിച്ചപോലെ മത്സരം കടുപ്പമുള്ളതായിരുന്നില്ലെന്നാണ് ശാന്തപ്പ പറയുന്നത്. ഇരുനൂറു ഗ്രാമുള്ള റാഗി ഉണ്ടകൾ തിന്നാൻ വെറും നാലുമിനിട്ടേ എടുത്തുള്ളൂ. റൊട്ടികൾ തിന്നാനാണ് കൂടുതൽ സമയം വേണ്ടിവന്നത്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. മറ്റ് മത്സരക്കാർക്ക് ശാന്തപ്പയുടെ ഏഴയലത്തുപോലും എത്താനായില്ല. ചിലർ ഇടയ്ക്കുവച്ചുതന്നെ തോൽവി സമ്മതിച്ചു. തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിൽ വിജയം കുറച്ചുകൂടി എളുപ്പമാകാമായിരുന്നെന്നായിരുന്നു ശാന്തപ്പ പറയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ