ഇടുക്കിയിൽ നിന്ന് മനുഷ്യന്റെ ഉടൽ കണ്ടെത്തി, ജസ്‌നയുടേതെന്ന് സംശയം
August 10, 2018, 2:12 pm
രാജാക്കാട്: ഇടുക്കി കുഞ്ചിത്തണ്ണി എല്ലക്കൽ പാലത്തിന് സമീപം മുതിരപ്പുഴയാറിൽ നിന്നും സ്ത്രീയുടേതെന്ന് തോന്നിക്കുന്ന മനുഷ്യശരീരത്തിന്റെ ഉടലും കൈകളും ഉൾപ്പെടുന്ന ഭാഗം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായ രാജാക്കാട് എല്ലക്കൽ റോഡിലെ തടസ്സങ്ങൾ നീക്കുന്നതിനായി പോയ കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഇന്നലെ ഉച്ചയോടെ എല്ലക്കൽ പാലത്തിനു സമീപം പുഴയിലെ മലവെള്ളപ്പാച്ചിലിൽ ശരീഭാഗം ഒഴുകി നടക്കുന്നത് കണ്ടു. മനുഷ്യശരീരമാണെന്ന് മനസ്സിലായതോടെ ഇത് ഒഴുകിപ്പോകാതെ തോട്ടിയും കയറും ഉപയോഗിച്ച് ഇവർ പുഴയിറമ്പിനോട് ചേർന്ന് തടഞ്ഞിടുകയും രാജാക്കാട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.

തുടർന്ന് എസ്.ഐ.പി.ഡി. അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ശരീരഭാഗങ്ങൾ കരയ്‌ക്കെടുത്തു. അഴുകിയ നിലയിലുള്ള ശരീരഭാഗത്തിൽ സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ഉടലും കൈകളുമാണുള്ളത്. കൈപ്പത്തികൾ രണ്ടും അരയ്ക്ക് താഴേയ്ക്ക് കാലുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലാണ്. ഇൻക്വസ്റ്റ് നടത്തിയ ശരീരഭാഗം ഫോറൻസിക് പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിനു രണ്ടു കിലോമീറ്റർ മുകളിലായി കുഞ്ചിത്തണ്ണി സ്‌കൂളിനു താഴ്ഭാഗത്തെ പുഴയിൽ നിന്നും ഒരു മാസം മുൻപ് അജ്ഞാത യുവതിയുടെ ഇടതുകാൽ നാട്ടുകാർക്ക് ലഭിച്ചിരുന്നു. ഇതും കോട്ടയം മെഡിക്കൽ കോളേജിൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഏതാനും മാസത്തിനിടെ മൂന്നാർ പ്രദേശത്തു നിന്നും കാണാതായ യുവതികൾ, പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസ്ന എന്നിവരുടെ തിരോധാനവുമായി ഇതിനു ബന്ധമുണ്ടോ എന്നറിയുവാനായി കണ്ടെത്തിയ കാലിന്റെ സാമ്പിൾ ഡി.എൻ.എ പരിശോധനയ്ക്കായി പൊലീസ് അയച്ചിരുന്നു. ഇതിന്റെ ഫലം വരാനിരിക്കെയാണ് ഉടലും കൈകളും ലഭിച്ചിരിക്കുന്നത്. അരയ്ക്ക് താഴേയ്ക്കും കഴുത്തിന് മുകളിലേയ്ക്കും മുറിച്ചുമാറ്റിയ നിലയിലുള്ള ശരീരഭാഗം കൊലപാതകത്തിന്റെ സൂചനയാണ് നൽകുന്നത്. കഴുത്തിലെയും അരയിലെയും മുറിവുകൾ ആയുധമുപയോഗിച്ച് വേർപെടുത്തിയതിന് സമാനമാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ