കേരളത്തിലെ അടിയന്തര സാഹചര്യം വിലയിരുത്താൻ രാജ്‌നാഥ് സിംഗ് എത്തുന്നു
August 10, 2018, 2:20 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയും അതിനെത്തുടർന്നുണ്ടായ പ്രളയവും വിലയിരുത്താൻ കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലേക്കെത്തുന്നു. ഞായറാഴ്ചയാണ് രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. പ്രളയ ബാധിത സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം. കേരളത്തിന് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാർ ഇന്ന് മന്ത്രിയെ സന്ദർശിച്ചിരുന്നു.

ഞായറാഴ്ച രാവിലെ കേരളത്തിലെത്തുന്ന അദ്ദേഹം വൈകുന്നേരം വരെ സംസ്ഥാനത്ത് തങ്ങും. മധ്യകേരളത്തിലെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ കേന്ദ്ര സംഘത്തോടൊപ്പം കഴിയുന്നത്ര സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കും. വൈകിട്ട് നടക്കുന്ന ദുരന്ത അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി കേന്ദ്രം സംസ്ഥാന സർക്കാരിന് തുക അഡ്വാൻസ് ആയി തന്നെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര സംഘം കേരളം സന്ദർശിച്ചപ്പോൾ 80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇനിയും തുക ആവശ്യാനുസരണം നൽകുമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാവുകയില്ലെന്നും കണ്ണന്താനം പറഞ്ഞു.

അതേസമയം, കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നാണ് കേന്ദ്രസർക്കാർ ഉറപ്പുനൽകിയത്. മഴ ദുരന്തം വിതച്ച കേരളത്തിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ ബന്ധപ്പെട്ട അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും സഹായ വാഗ്ദ്ധാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ