ഈ അവസരത്തിൽ കാഴ്‌‌ച കാണലും സെൽഫി എടുക്കലും വേണ്ടെന്ന് മുഖ്യമന്ത്രി
August 10, 2018, 3:23 pm
തിരുവനന്തപുരം: കാലവർഷത്തിന്റെ ദുരിത പെയ്‌ത്തിൽ അനിഷ്‌ട സംഭവങ്ങൾ ഒന്നും തന്നെ സംഭവിക്കാതിരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഈ അവസരത്തിൽ ജനങ്ങൾ ദുരിത മേഖലകളിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

കാഴ്‌‌ച കാണാനും സെൽഫി എടുക്കാനുമുള്ള ശ്രമങ്ങൾ കെടുതി നേരിടാനുള്ള സർക്കാരിന്റെ പരിശ്രമത്തോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ കർക്കടക വാവു ബലിയുടെ പശ്‌ചാത്തലത്തിൽ, ബന്ധപ്പെട്ടവരും പൊലീസ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ രൂപം-
'കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകൾ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂർവ്വമാണ്.

കെടുതി നേരിടാനുള്ള സർക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ ചുരുക്കം ചിലർ കാഴ്ച കാണാനും സെൽഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാൻ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിർബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ബലിതർപ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളിൽ പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്‌ടം ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ അപകടമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം. ഡാമുകൾ തുറക്കുന്നതിനാൽ പുഴകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നു വരാൻ സാധ്യതയുണ്ട്. കടലോരങ്ങളിൽ കടലാക്രമണ സാധ്യതയും നിലനിൽക്കുന്നു. ബലിതർപ്പണ കേന്ദ്രങ്ങളിൽ എത്തുന്നവർ ഇത്തരം സാഹചര്യം കൂടി പരിഗണിച്ച് പൊലീസുമായി സഹകരിക്കണം'.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ