മന്ത്രിസഭയിൽ അഴിച്ചുപണി, ജയരാജൻ അടക്കം 20 മന്ത്രിമാർ: കോടിയേരി
August 10, 2018, 5:04 pm
തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ സമഗ്രമായ അഴിച്ചുപണി നടത്താൻ സി.പി.എം തീരുമാനം. ബന്ധുനിയമന വിവാദത്തെ തുടർന്ന് രാജിവച്ച ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാൻ ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതായി പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വിശദീകരിച്ചു. സി.പി.ഐ ചീഫ് വിപ്പിന്റെ സ്ഥാനം ആവശ്യപ്പെട്ടാൽ സി.പി.എം എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 19 അംഗങ്ങളാണ് പിണറായി വിജയൻ മന്ത്രിസഭയിലുള്ളത്. ഇത് 20 ആക്കണമെന്ന നിർദ്ദേശം ഇടതു മുന്നണിക്ക് സമർപ്പിക്കാൻ സി.പി.എം തീരുമാനിച്ചു.
നിലവിൽ എ.സി.മൊയ്‌തീൻ കൈകാര്യം ചെയ്യുന്ന വ്യവസായം, കായികം യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളാകും ജയരാജന് നൽകുക. പകരം കെ.ടി.ജലീലിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പ് മൊയ്‌തീന് നൽകും. കെ.ടി.ജലീലിന് ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് തീർത്ഥാടനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാകും നൽകുക. ജയരാജന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ എല്ലാ പാർട്ടി ഘടകങ്ങൾക്കും ജനപ്രതിധിനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന ചെയ്യാൻ പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും ആവശ്യപ്പെടും. സംസ്ഥാനത്തിന് കൂടുതൽ കേന്ദ്രസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ