വയനാട്ടിൽ പ്രളയക്കെടുതിക്ക് ശമനമില്ല: കബനി കരകവിഞ്ഞൊഴുകുന്നു, ഗതാഗതം തടസപ്പെട്ടു
August 10, 2018, 8:56 pm
മാനന്തവാടി: സംസ്ഥാനത്ത് കാലവർഷം കനക്കുമ്പോൾ വയനാട് ജില്ലയിലെ പ്രളയക്കെടുതി ശമനമില്ലാതെ തുടരുകയാണ്. കാലവർഷത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതമാണ് വയനാട് ജില്ല നേരിടുന്നത്. നാല് പേർ മരിക്കുകയും 18 വീടുകൾ പൂർണ്ണമായി തകരുകയും ചെയ്ത ദുരിതത്തിൽ 530 വീടുകൾ ഭാഗികമായി തകർന്നു. 137 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനയ്യായിരത്തിലധികം പേരെ മാറ്റി താമസിപ്പിച്ചു.

കാലവർഷം ആരംഭിച്ച് ഇത് വരെ 2669.27 മില്ലിമീറ്റർ മഴ ലഭിച്ചു. കാരാപ്പുഴയിൽ സമുദ്ര നിരപ്പിൽ നിന്ന് 758.2 മീറ്റർ ഉയരത്തിലും ബാണാസുര സാഗർ ഡാമിൽ 775.6 മീറ്റർ ഉയരത്തിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തിയതാണ് ദുരിതം വർദ്ധിച്ചത്. കോട്ടത്തറ പഞ്ചായത്തിലും പനമരത്തും വടക്കേ വയനാട്ടിലെ വിവിധ പ്രദേശങ്ങളിലും സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന രക്ഷാപ്രവർത്തന പുറമെയാണ് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും എയർ ഫോഴ്‌സ്, നാവിക സേന അംഗങ്ങളും സേവനത്തിനിറങ്ങിയിട്ടുള്ളത്.

കബനി നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് കുറുവ ദ്വീപിന് സമീപം ഒറ്റപ്പെട്ട 30 ആദിവാസി കുടുംബങ്ങളെ റവന്യൂ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം നാവിക സേന രക്ഷപ്പെടുത്തി. രാവിലെ കബനിക്ക് സമീപം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട ആറ് പേരും രക്ഷപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. പാൽ വെളിച്ചം കക്കേരിയിൽ അഞ്ച് ആദിവാസി കുടുംബങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

അതേസമയം, കർണാടകയിൽ നിന്ന് വയനാട്ടിലേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. മൈസൂരിൽ നിന്ന് വയനാട്ടിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളിൽ ഊർജിത രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്.

രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി കളക്ടറേറ്റിലും മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ജില്ലാ കളക്ടർ എ.ആർ അജയകുമാർ, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്നവർ 9747707079, 9746239313, 9745166864 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ദേശീയ ദുരന്ത നിവാരണ സേന, ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡി.എസ്.സി), നാവികസേന എന്നിവരുടെ 150 സൈനികർ അടങ്ങിയ സംഘം ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി ജില്ലയിലുണ്ട്. കൂടാതെ ജില്ലയിലെ ഫയർ ആൻഡ് റെസ്‌ക്യു സംഘവും പൊലീസും സമയോചിത ഇടപ്പെടൽ നടത്തുന്നുണ്ട്. മഴ പെയ്യാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ പേരും പങ്കാളികളാവണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ