പ്രളയം: രാജ്നാഥ് നാളെ കേരളത്തിൽ
August 11, 2018, 12:06 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേരളത്തിലെ പ്രളയം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നാളെ എത്തും. ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനൊപ്പം നാളെ ഉച്ചക്ക് 12.30ന് കൊച്ചിയിലെത്തുന്ന രാജ്നാഥ് ദുരിതബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിക്കും. ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്‌ത ശേഷം വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങും.
പാർലമെന്റിൽ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ എം.പിമാർ കേരളത്തിലെ പ്രളയ സ്ഥിതി ബോധിപ്പിക്കുകയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ കേരളാ എൻ.ഡി.എ നേതാക്കൾ നിവേദനം നൽകുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ് രാജ്നാഥ് വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചെന്ന് രാജ്നാഥ് ട്വിറ്ററിൽ കുറിച്ചിരുന്നു. കേന്ദ്രം സാഹചര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. പിന്തുണയിൽ സംസ്ഥാന സർക്കാർ തൃപ്‌‌തി പ്രകടിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

വാചക കസർത്തിൽ കാര്യമില്ല: അൽഫോൺസ്
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന യു.ഡി.എഫ് - ഇടത് എം.പിമാരുടെ ആവശ്യത്തിൽ കഴമ്പില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. വാചക കസർത്തല്ല, നടപടികളാണ് വേണ്ടത്. കേരളം ആവശ്യപ്പെട്ടയുടൻ കേന്ദ്രം രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ അയച്ചു. കൂടുതൽ ദുരന്തനിവാരണ സേനയെ അയയ്‌ക്കും. ദുരന്തം നേരിടാൻ മുൻകൂറായി കേന്ദ്രം ധനസഹായം നൽകി. ആവശ്യമെങ്കിൽ കൂടുതൽ നൽകും.

സഹായം ആവശ്യപ്പെട്ട് എൻ.ഡി.എ
കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ബി.ജെ.പി കേരളാ പ്രഭാരി എച്ച്. രാജ, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശൻ, കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ് എന്നിവരാണ് ആഭ്യന്തര മന്ത്രി രാജ്നാഥിനെ കണ്ടത്. ബി.ഡി.ജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും നിവേദനത്തിൽ ഒപ്പുവച്ചിരുന്നു.

പാർലമെന്റിൽ ഉന്നയിച്ച് എം.പിമാർ
കേരളത്തിലെ പ്രകൃതിക്ഷോഭത്തിന്റെ തീവ്രത എം. പിമാരായ കെ.വി. തോമസ്, പി.കരുണാകരൻ , കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ലോക്‌സഭയിൽ അവതരിപ്പിച്ചു. പിന്നീട് എം.പിമാർ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ രാജ്‌നാഥ്‌ സിംഗിനെ കണ്ട് വിശദ ചർച്ച നടത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ