സ്വാതന്ത്ര്യദിനം; ആപ്പുകളും അഭ്യൂഹങ്ങളും: ജാഗരൂകരാകുക
August 10, 2018, 12:15 am
ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വാട്ട്സാപ്പില് ഡിപി ആയി ദേശീയപതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുളള ആപ്ലിക്കേഷനുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിയ്ക്കുന്നുണ്ട്. അവ ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചാലുള്ള ദോഷങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ധാരാളം പേർ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജനമനസിൽ ചില ചോദ്യങ്ങളുയർന്നു കഴിഞ്ഞു. ഒന്ന്, ഒരു ഡിപി വഴി വിവരങ്ങൾ ചോർത്താനാകുമോ? രണ്ട്, എന്തിനാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇത്തരമൊരു ചോർത്തൽ? മൂന്ന്, ആരായിരിയ്ക്കും ഇതിനു പിന്നിൽ? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്.
ഒന്ന്, ഒരു ഡിപി വഴി വിവരങ്ങൾ ചോർത്താനാകുമോ ? ഇത്തരമൊരു ആശങ്ക അസ്ഥാനത്തല്ല. കാരണം, വിശ്വാസയോഗ്യമല്ലാത്ത ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക വഴി നമ്മുടെ സ്വകാര്യവിവരങ്ങള ചോർത്താനുളള സാധ്യത നിലനില്ക്കുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങളിൽ നമ്മുടെ സ്വകാര്യവിവരങ്ങൾ ചോർത്താനുള്ള സോഫ്‌ട് വെയർ കോഡുകൾ അടക്കം ചെയ്യാൻ (എംബെഡ് ചെയ്യാൻ) ഉള്ള സാങ്കേതിക വിദ്യ ലോകത്ത് നിലവിലുണ്ട്. ആ വിദ്യ ഛിദ്രശക്തികൾ കൈവരിച്ചിട്ടുള്ളതായാണ് അറിവ്. അങ്ങിനെയുണ്ടാക്കിയ ചിത്രങ്ങൾ ഡിപിയായി ഉപയോഗിയ്ക്കുമ്പോൾ മൊബൈലിലെ സ്വകാര്യവിവരങ്ങൾ അവ ചോർത്താനുള്ള സാധ്യത തള്ളികളയാനാകില്ല. അതിനാൽ ഇത്തരം ഡിപികൾ ഉപയോഗിയ്ക്കുന്നത് അത്ര നല്ലതല്ല.
രണ്ട്, എന്തിനാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇത്തരമൊരു ചോർത്തൽ ? ദേശസ്‌നേഹം ഉയർത്തിപ്പിടിക്കുന്ന ഈ വേളയിൽ ഇത്തരം ആപ്ലിക്കേഷനുകൾ പരമാവധി പേർ ഉപയോഗിക്കും. ഇത് സ്വാഭാവികമാണ്. ഇത് സ്വകാര്യവിവരങ്ങൾ ചോർത്താനുള്ള ഒരു സുവർണ്ണാവസരമാണ് എന്ന് ഇത്തരം ആപ്പുകൾ ഉണ്ടാക്കുന്നവർക്ക് അറിയാം. ആളുകൾ ഒരു ഉത്സവാന്തരീക്ഷത്തിലിരിയ്ക്കുന്ന വേളകളിലാണല്ലോ ചോർത്തൽ എളുപ്പമാകുന്നത്. ആ ഉത്സവവുമായി ബന്ധപ്പെട്ട ഒരു ഡിപി വാട്സാപ്പിലിടുക എന്നതും ഇന്ന് ആഘോഷത്തിന്റെ ഒരു ഭാഗമാണല്ലോ. അതിനാലാണ് ഇത്തരം ആപ്പുകളും ഡിപിയുമൊക്കെ സ്വാതന്ത്ര്യദിനം പോലുള്ള ഉത്സവന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൂന്ന്, അങ്ങനെയെങ്കിൽ, ആരായിരിക്കും ഇതിനു പിന്നിൽ ? സ്വകാര്യവിവരങ്ങൾ ചോർത്തുന്നത് ജനങ്ങളുടെ ശത്രുക്കളായ ഒളിഞ്ഞുനോട്ടക്കാരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചോർത്തൽ സ്വാതന്ത്ര്യദിനം പോലുള്ള വേളയിലാകുമ്പോൾ ചോർത്തുന്നവർ ദേശവിരുദ്ധശക്തികളായിരിയ്ക്കാനുള്ള സാദ്ധ്യത തള്ളികളയാനാകില്ല. പേടിയും അഭ്യൂഹങ്ങളും സൃഷ്ടിച്ച് ദേശസ്‌നേഹത്തിന്റേതായ ഈ ഉത്സവാന്തരീക്ഷത്തിന്റെ പൊലിമ കുറയ്ക്കുകയും അതോടൊപ്പം തരപ്പെടുമെങ്കിൽ സ്വകാര്യവിവരങ്ങൾ ചോർത്തുകയും ഒക്കെ ഇത്തരം ദേശവിരുദ്ധശക്തികളുടെ അജണ്ടകളാണ്. അതിനാൽ ഇത്തരം ആപ്പുകളുണ്ടാക്കുന്നവർ തന്നെയാണോ പിന്നാലെ അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിപ്പിയ്ക്കുന്നത് എന്ന് സംശയിച്ചാൽ അതിൽ തെറ്റില്ല. ഇത്തരം അഭൂഹങ്ങൾ തെറ്റാണെന്ന് പൊലീസിനെ കൊണ്ട് പറയിയ്ക്കുക വഴി ഇത്തരം ആപ്പുകൾ ശരിയാണെന്ന് വരുത്തിത്തീർത്ത് അവ ജനങ്ങൾക്ക് സ്വീകാര്യമാക്കുകയാണോ ഈ ഛിദ്രശക്തികളുടെ ഉന്നം എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു. വീണ്ടും പറയട്ടെ, ജാഗരൂകരാകേണ്ടതുണ്ട്. ആയതിനാല ഇത്തരം ഇമേജ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതാണ്. അതിനു സാധിയ്ക്കാത്തവർ ഈ ഉത്സവവുമായി ബന്ധപ്പെട്ട് സ്വന്തമായി എടുത്ത ചിത്രങ്ങൾ മാത്രം ഡിപിയായി ഉപയോഗിയ്ക്കുക. എന്നുമാത്രമല്ല, നാം നെഞ്ചിലേറ്റുന്ന ദേശസ്‌നേഹത്തിന്റെ തിളക്കം കുറയ്ക്കാൻ ഇത്തരം ആപ്പുകളും അഭ്യൂഹങ്ങളും കാരണമാകരുത്. രാജ്യം നമ്മുടെ മനസ്സാണ്, വികാരമാണ്. അത് മലിനപ്പെട്ടുകൂട. ഇത്തരമവസരങ്ങളിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ജാഗ്രത പാലിയ്ക്കുകയാണ് വേണ്ടത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ