ലുലു ഗ്രൂപ്പിന് ഫിലിപ്പൈൻസിൽ ഭക്ഷ്യ സംസ്‌കരണം കേന്ദ്രം
August 8, 2018, 8:45 pm
മനില: ലുലു ഗ്രൂപ്പ് ആസിയാൻ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെയുമായി ലുലു ചെയർമാൻ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്റെ ഫിലിപ്പൈൻസിലെ നിക്ഷേപ പദ്ധതികളെപ്പറ്റിയുള്ള വിശദമായ രൂപരേഖ യൂസഫലി അവതരിപ്പിച്ചു. ഫിലിപ്പൈൻസ് സർക്കാരിന്റെ എല്ലാ പിന്തുണയും കൂടിക്കാഴ്ചയിൽ റോഡ്രിഗൊ യൂസഫലിക്ക് ഉറപ്പ് നൽകി.
ഇതിന്റെ ആദ്യപടിയായി 'മെയ് എക്‌സ്‌പോർട്‌സ് ഫിലിപ്പൈൻസ്' എന്ന പേരി​ൽ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ഫിലിപ്പൈൻസിൽ പ്രവർത്തനമാരംഭിച്ചു. തലസ്ഥാനമായ മനിലക്കടുത്തുള്ള ലഗൂണ പ്രവിശ്യയിലെ പുതിയ കേന്ദ്രം ഫിലിപ്പൈൻസ് കൃഷി മന്ത്രി ഹോസെ ഗബ്രിയേൽ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന ഭക്ഷ്യ ഉപന്നങ്ങളുടെ കലവറയാണ് ഫിലിപ്പൈൻസ്. ഉന്നത നിലവാരമുള്ള ഭക്ഷ്യ വസ്തുക്കൾ കൂടുതലായി എത്തിക്കാൻ പുതിയ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് എം.എ.യൂസഫലി പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിപണനം നടത്തുന്നത്. ഫിലിപ്പൈൻസിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് ഇത് ഏറെ സഹായകരമാകും.

ലഗൂണ പ്രവിശ്യ ഗവർണർ ലമിൽ ഹെർണാണ്ടസ്, കലമ്പ മേയർ ടിമ്മി ചിപ്പേക്കോ, ഫിലിപ്പൈൻസ് പ്രസിഡന്റി​ന്റെ ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധി അമേബിൾ അഗ്വിലസ്, ഫിലിപ്പൈൻസിലെ യു.എ.ഇ.സ്ഥാനപതി ഹമദ് സയിദ് അൽ സാബി, ഇന്ത്യൻ സ്ഥാനപതി ജയ്ദീപ് മജുംദാർ, ഫിലിപ്പൈൻ എക്‌സ്‌പോർട്ട് പ്രോസസിംഗ് അതോറിട്ടി ഡയറക്ടർ ജനറൽ ചരിതോ പ്ലാസ, ലുലു ചെയർമാൻ എം.എ.യൂസഫലി, ലുലു ഡയറക്ടർ എം.എ.സലീം, ലുലു ഫിലിപ്പൈൻസ് ജനറൽ മാനേജർ രജ്മൽ റഫീഖ് എന്നിവരും സംബന്ധിച്ചു.


200 കോടിയുടെ വാർഷിക വിപണനം ലക്ഷ്യം

ഫിലിപ്പൈൻസ് എക്‌സപോർട്ട് പ്രൊസസിംഗ് അതോറിട്ടിയുടെ സഹകരണത്തോടെയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഫിലിപ്പൈൻസിൽ നിന്നുള്ള തനത് ഭക്ഷ്യ വസ്തുക്കൾ, പഴംപച്ചക്കറികൾ, ഫ്രോസൺ ഉല്പന്നങ്ങൾ, ടെക്സ്റ്റയിൽസ്, സൗന്ദര്യ വസ്തുക്കൾ എന്നിവ സംഭരിച്ച് ഗൾഫിലെയും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുകയാണ് ഉദ്ദ്യേശം. 200 കോടി രൂപയുടെ വാർഷിക വിപണനമാണ് ലുലു ലക്ഷ്യമിടുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ