വി​​​വേ​​​ച​​​ന​​​ബു​​​ദ്ധി വേ​​​ണ്ട​​​ത് ര​​​ക്ഷി​​​താ​​​ക്കൾ​​​ക്ക്
August 9, 2018, 2:32 am
സ്വകാര്യ സ്‌കൂളുകൾ കുട്ടികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ നിരീക്ഷണം ശ്രദ്ധേയമാണ്. സ്‌കൂൾ ഈടാക്കുന്നത് ദുർവഹമായ ഫീസെന്നു തോന്നിയാൽ എന്തിന് അവിടെ കുട്ടികളെ ചേർക്കാൻ രക്ഷാകർത്താക്കൾ തയ്യാറാകുന്നു എന്നാണ് കോടതി ആരാഞ്ഞത്. ഒരു രൂപ പോലും ഫീസ് ഈടാക്കാത്ത പൊതു വിദ്യാലയങ്ങൾ ചുറ്റിനുമുള്ളപ്പോൾ കെട്ടുതാലി വരെ വിറ്റ് സ്‌കൂൾ ഫീസ് ഉണ്ടാക്കുന്ന അനവധി പേർ സമൂഹത്തിലുണ്ട്. അത്തരക്കാരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് തിങ്കളാഴ്ച ഹൈക്കോടതിയിൽ നിന്നുണ്ടായ നിരീക്ഷണം.

എറണാകുളം ചേപ്പനത്തുള്ള ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിലെ ഫീസ് പ്രശ്‌നമാണ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. സമയത്ത് ഫീസ് അടയ്ക്കാതിരുന്നതിനെത്തുടർന്ന് അഞ്ചു വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നു പുറത്താക്കിയിരുന്നു. ഇതിനെതിരെ രക്ഷിതാക്കൾ നൽകിയ ഹർജിയിൽ സ്‌കൂളധികൃതർ അമിത ഫീസ് ഈടാക്കുന്നതായി പരാതിപ്പെട്ടിരുന്നു. നേരത്തേ ബാലാവകാശ കമ്മിഷനും ജില്ലാ കളക്ടറും പ്രശ്‌നത്തിൽ ഇടപെട്ട് സ്‌കൂളിന് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഉചിതമായ ഫീസ് ഈടാക്കാൻ സ്‌കൂളുകൾക്ക് അധികാരമുള്ളപ്പോൾ അധികാര സ്ഥാനങ്ങളിൽ നിന്നുള്ള ഇടപെടലിനെ ചോദ്യം ചെയ്ത് സ്‌കൂൾ മാനേജ്മെന്റ് നൽകിയ ഹർജിയും കോടതിയുടെ മുമ്പിലുണ്ട്. സ്വകാര്യ സ്‌കൂൾ ഫീസ് നിശ്ചയിക്കാനും സർക്കാരിനുള്ള അധികാരത്തെ ചോദ്യം ചെയ്യാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ലാഭേച്ഛയോടെ മാത്രം ഫീസ് ഘടന നിശ്ചയിക്കുന്ന സ്‌കൂളുകളുടെ സമീപനത്തെ വിമർശിക്കുകയും ചെയ്തു. ഫീസ് പ്രശ്‌നത്തിൽ സ്‌കൂളിലെ സമാധാനം തകർക്കും വിധം സമരം സംഘടിപ്പിക്കുന്നതിലെ അനൗചിത്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കുട്ടികളുടെ പഠനത്തിനായി കൈയിലുള്ളതു കൂടാതെ വലിയ ഋണഭാരം എടുത്തു തലയിൽ വയ്ക്കാനും മടിയില്ലാത്തവരാണ് ഒട്ടുമിക്ക ആൾക്കാരും. മക്കൾ ഏറ്റവും നല്ല സ്‌കൂളുകളിൽത്തന്നെ പഠിക്കണമെന്ന് ആഗ്രഹമില്ലാത്തവർ ചുരുക്കമാണ്. സ്വകാര്യ സ്‌കൂളുകളിലെ ഉയർന്ന ഫീസ് ഘടന അറിഞ്ഞുകൊണ്ടുതന്നെയാണ് ഏറെ പ്രയാസപ്പെട്ട് അവിടെ പ്രവേശനം തരപ്പെടുത്താറുള്ളത്. ചേർന്നതിനുശേഷം ഫീസ് ദുർവഹമാണെന്നു പരാതിപ്പെടുന്നതിൽ അർത്ഥമില്ല. പൊതുവിദ്യാലയങ്ങളുടെ പ്രസക്തി ഇവിടെയാണ്. മികവിന്റെ പാതയിലേക്ക് പൊതുവിദ്യാലയങ്ങളും നിലയുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതു മനസിലാക്കിയതു കൊണ്ടാകണം ഏതാനും വർഷങ്ങളായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനം തേടുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന കാണുന്നത്. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യയന നിലവാരം ഉയർത്താനുള്ള സർക്കാരിന്റെ യത്‌നങ്ങൾക്ക് മികച്ച ഫലം കാണാനുണ്ട്. ആളുകളുടെ ചിന്താഗതിയിലും സമീപനത്തിലും ഇനിയും മാറ്റം വരാനുണ്ട്. സ്വകാര്യ സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ മിഥ്യാധാരണകളുണ്ട്. പത്തും പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷാഫലം പുറത്തുവരുമ്പോഴാണ് പലരും ഇതു തിരിച്ചറിയുന്നത്. കഴിഞ്ഞ വർഷം സ്റ്റേറ്റ് സിലബസിൽ പതിനൊന്നാം ക്ലാസ് പ്രവേശനം തേടിയ കുട്ടികളിൽ അരലക്ഷത്തോളം പേർ സി.ബി.എസ്.ഇയിൽ നിന്നുള്ളവരായിരുന്നു.

പൊതുവിദ്യാലയങ്ങളെ എല്ലാ നിലകളിലും ഉയർത്തിക്കൊണ്ടുവരാൻ തീവ്രശ്രമങ്ങളാണ് നടന്നുവരുന്നത്. ഭൗതിക സൗകര്യങ്ങൾ കൂട്ടുന്നതിനൊപ്പം അദ്ധ്യാപകർക്കു വേണ്ട പരിശീലന പരിപാടികളും നല്ല നിലയിൽ നടക്കുന്നുണ്ട്. ഇടക്കാലത്ത് പൊതുവിദ്യാലയങ്ങൾ നേരിടേണ്ടിവന്ന അവഗണനയാണ് സംസ്ഥാനത്ത് സ്വകാര്യമേഖല തഴച്ചുവളരാൻ കാരണമായത്. അദ്ധ്യാപകരുടെ പ്രതികൂല മനോഭാവവും അതിനു ആക്കം കൂട്ടിയെന്നു പറയാം. ഏതായാലും സാവധാനമാണെങ്കിലും പൊതുവിദ്യാലയങ്ങളോടുള്ള സ്വീകര്യതയിൽ ആശാവഹമായ മാറ്റം വന്നു തുടങ്ങിയത് നല്ല ലക്ഷണമായി കരുതാം.

കുട്ടികളെ ഉത്തമ പൗരന്മാരായി വളരാനും നല്ല ജീവിതം നയിക്കാനും പ്രാപ്തരാക്കുക എന്ന വലിയ കടമയാണ് സ്‌കൂളുകൾ നിർവഹിക്കുന്നത്. തങ്ങളുടെ കുട്ടികൾ ഏതു സ്‌കൂളിൽ പഠിക്കണമെന്നു തീരുമാനിക്കേണ്ടത് രക്ഷിതാക്കളാണ്. സ്‌കൂളുകൾ തോന്നും പടി ഫീസ് നിശ്ചയിച്ചാൽ അവിടെ പ്രവേശനം തേടാതിരിക്കാനുള്ള വിവേകമാണ് രക്ഷിതാക്കൾ പ്രകടിപ്പിക്കേണ്ടത്. സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടാകാം. എന്നാൽ ഇക്കാര്യത്തിൽ ധാരാളം പരിമിതികളുമുണ്ട്. നിയന്ത്രണങ്ങൾ മറികടന്നും എത്ര പണമെങ്കിലും നൽകാൻ രക്ഷിതാക്കൾ തയ്യാറുള്ളപ്പോൾ കടലാസിൽ മാത്രമാകും നിയമം. ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന ദുര്യോഗം നമ്മുടെ മുമ്പിലുണ്ട്. സ്വകാര്യ മേഖലയിലെ മെഡിക്കൽ വിദ്യാഭ്യാസം സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ പോലുമാകാത്ത ഉയരത്തിലായിക്കഴിഞ്ഞു. സ്‌കൂൾ തലത്തിലേക്കും ഈ ദുഷ്പ്രവണത വന്നുകൊണ്ടിരിക്കുകയാണ്. നിയമം വഴിയുള്ള നിയന്ത്രണം കൊണ്ടു മാത്രം തീർക്കാവുന്ന പ്രശ്‌നമല്ല ഇത്. അമിത ഫീസ് ഈടാക്കുന്ന സ്‌കൂളിനെതിരെ സമരത്തിനു പോകുന്നതിനു പകരം അവിടെ പ്രവേശനം വേണ്ടെന്നുവയ്ക്കാനുള്ള വിവേചനബുദ്ധിയാണ് രക്ഷിതാക്കൾക്കു വേണ്ടത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ