രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്, ഭ​​​ര​​​ണ​​​-​​​പ്ര​​​തി​​​പ​​​ക്ഷ പോ​​​രാ​​​ട്ടം
August 9, 2018, 9:34 am
അനിൽ വി. ആനന്ദ്
കർണാടകയും കൈരാനയും കഴിഞ്ഞ് ബി.ജെ.പിയും സംയുക്ത പ്രതിപക്ഷവും ഒരു തിരഞ്ഞെടുപ്പിൽ വീണ്ടും നേർക്കുനേർ. ഇന്ന് നടക്കുന്ന ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ രാജ്യസഭയാണ് പുതിയ പോരാട്ടത്തിന് വേദിയാകുന്നത്. കണക്കിലെ കളികൾ ഏറെ നിർണായകമായ രാജ്യസഭയിലെ ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ബി.ജെ.പിക്ക് രാഷ്ട്രീയമായും സഭയ്ക്കുള്ളിലും അത് വൻതിരിച്ചടിയാകും. 2019ലെ പൊതുതിരഞ്ഞെടുപ്പിന് പ്രതീക്ഷയോടെ ഒരുങ്ങുന്ന പ്രതിപക്ഷത്തിനും നിർണായകമാണ്. മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ ജൂലായ് രണ്ടിന് വിരമിച്ചെങ്കിലും ജൂലായ് 18 മുതൽ തുടങ്ങിയ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ ഇതുവരെ പിൻഗാമിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

എൻ.ഡി.എ സ്ഥാനാർത്ഥിയായ ബീഹാറിൽ നിന്നുള്ള ജെ.ഡി.യു എം.പി ഹരിവംശ് നാരായൺ സിംഗും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എം.പി ബി.കെ.ഹരിപ്രസാദും തമ്മിലാണ് മത്സരം.

നിർണായകം മൂന്നു പാർട്ടികൾ
നിലവിൽ 241 അംഗങ്ങളുള്ള രാജ്യസഭയിൽ 120ന് മുകളിൽ വോട്ടാണ് ഉപാദ്ധ്യക്ഷൻ സ്ഥാനാർത്ഥിക്ക് വിജയിക്കാൻ വേണ്ടത് . ലോക്‌സഭയിലും രാജ്യസഭയിലും ( 69 നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ )ബി.ജെ.പിയാണ് വലിയ ഒറ്റകക്ഷി. പക്ഷേ പ്രതിപക്ഷം ഒന്നിച്ചുനിൽക്കുന്നതിനാൽ പല സുപ്രധാന ബില്ലുകളും രാജ്യസഭയിൽ പാസാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതുതന്നെയാണ് ഇപ്പോഴത്തെയും വെല്ലുവിളി; പ്രതിപക്ഷം ഒന്നിച്ചുനിൽക്കുന്നു. എന്നാൽ സംയുക്ത പ്രതിപക്ഷം ശക്തമാണെങ്കിലും വിജയിക്കാൻ വേണ്ട വോട്ടില്ല.

ഒറീസ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ബിജുജനതാദൾ (ബി.ജെ.ഡി), എൻ.ഡി.എ വിട്ട ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), ആരോടും അടുപ്പം കൂടാതെ മാറിനിൽക്കുന്ന തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്ട്ര സമിതി ( ടി.ആർ.എസ് ) എന്നീ പാർട്ടികളുടെ നിലപാട് നിർണായകമാണ്. ബി.ജെ.ഡിക്ക് 9, ടി.ഡി.പി 6, ടി.ആർ.എസ് 6 എന്നിങ്ങനെ 21 വോട്ടാണുള്ളത്. 2 അംഗങ്ങളുള്ള വൈ.എസ്.ആർ കോൺഗ്രസും നിലപാട് വ്യക്തമാക്കിയിട്ടില്ല.

ആന്ധ്രയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട ചന്ദ്രബാബുനായിഡു കോൺഗ്രസിതര പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തയ്യാറാണ്. കോൺഗ്രസിനോടും ബി.ജെ.പിയോടും അകലംപാലിക്കുന്ന ടി.ആർ.എസ് മൂന്നാം മുന്നണി വേണമെന്ന നിലപാടിലാണ്. കുമാരസാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നില്ല. പക്ഷേ, ഉപാദ്ധ്യക്ഷ സ്ഥാനാർത്ഥി കോൺഗ്രസിതര കക്ഷിയിൽ നിന്നായാൽ ടി.ആർ.എസ് പിന്തുണച്ചേക്കും. അതേസമയം ടി.ആർ.എസും വൈ.എസ്.ആറും ബി.ജെ.പിയെ പിന്തുണച്ചാലും ഒൻപത് പേരുള്ള ബി.ജെ.ഡി കൂടെനിന്നാൽ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം.

നവീൻ പട്‌നായിക് നായകൻ
ഒറീസയിൽ കോൺഗ്രസിന്റെ പ്രധാന ശത്രുവാണ് ബി.ജെ.ഡി. അതുകൊണ്ടുതന്നെ സംയുക്ത പ്രതിപക്ഷത്തിന്റെ സംഗമവേദിയായ കുമാരസാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് നവീൻ പട്‌നായിക് വിട്ടുനിന്നു. ബി.ജെ.പിയുമായി അടുപ്പമുള്ള ബി.ജെ.ഡി സഭയിലും പ്രതിപക്ഷത്തോട് കൂട്ടുകൂടിയിരുന്നില്ല. സുഹൃത്ത് എന്നാണ് ബി.ജെ.പി ബി.ജെ.ഡിയെ വിശേഷിപ്പിക്കുന്നത്. പക്ഷേ, ഒറീസയിൽ കോൺഗ്രസിനെ പിന്തള്ളി പ്രധാന പ്രതിപക്ഷമായി ബി.ജെ.പി വളർന്നതോടെ നവീൻ പട്‌നായിക്ക് ഇപ്പോൾ ബി.ജെ.പിയോട് അകലം പാലിക്കുകയാണ്. ഈ സാദ്ധ്യതയാണ് കോൺഗ്രസ് ഉപയോഗിക്കുന്നത്. ബി.ജെ.ഡിയുമായി കോൺഗ്രസും തൃണമൂലും ആശയവിനിമയം നടത്തുന്നുണ്ട്. മീരാകുമാർ യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായപ്പോൾ പിന്തുണയ്ക്കാതിരുന്ന ബി.ജെ.ഡി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഗോപാൽകൃഷ്ണ ഗാന്ധിയെ പിന്തുണച്ചത് നേതാക്കൾ ഓർമ്മിപ്പിക്കുന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ