'​​​'​​​അ​​​മ്മ​​​തൻ പൊ​​​ന്നു​​​ണ്ണി​​​ക്ക് അ​​​മ്മി​​​ഞ്ഞ​​​പ്പാ​​​ല​​​മൃ​​​തം​​​""
August 9, 2018, 9:37 am
ഡോ. വി. രാമൻകുട്ടി
മുലയൂട്ടൽ വാരത്തിൽ മനസിൽ വരുന്നത് മുകളിൽ പറഞ്ഞ ഒരു വരിയാണ്: ഒപ്പം ഡാ വിഞ്ചിയുടെ പ്രശസ്തമായ 'മുലയൂട്ടൽ' മദോണയും. മുലയൂട്ടൽ വാരത്തിൽ ഡോ. സി.ആർ. സോമനെ ഓർക്കാതിരിക്കാൻ വയ്യ. മുലയൂട്ടൽ ഇത്ര വലിയ സംഭവമാണെന്ന് ലോകാരോഗ്യസംഘടനയും യൂണിസെഫും പോലും പറയുന്നതിനുമുൻപ്, ശിശുരോഗവിദഗ്ദ്ധരുടെ മീറ്റിംഗുകൾ 'ലാക്റ്റൊജൻ' നിർമ്മാതാക്കളായ നെസ്‌ളെ സ്‌പോൺസർ ചെയ്തിരുന്ന എഴുപതുകളിൽ, മുലയൂട്ടലിന്റെ വക്താവായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോഷകശാസ്ത്ര പ്രൊഫസറായിരുന്ന സോമൻ സാർ. അദ്ദേഹത്തിന്റെ മുൻകൈയിൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ഒരു പോസ്റ്ററിലാണ് മുകളിൽ പറഞ്ഞ പ്രശസ്ത ചിത്രവും, ഒരുവരി കവിതയും ഉൾപ്പെടുത്തിയിരുന്നത്. കവിത എവിടെന്നാണെന്ന് അറിഞ്ഞുകൂടാ. സോമൻസാർ പറഞ്ഞതനുസരിച്ച്, അന്ന് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന കെ.ആർ. സോമൻ എന്ന ഡോക്ടറാണ് ആ കവിത ചിത്രത്തിൽ ചേർത്തത്. കെ.ആർ. സോമന് എവിടെനിന്ന് കിട്ടിയതാണെന്ന് അറിഞ്ഞുകൂടാ. പ്രേം കുമാറായിരുന്നു പോസ്റ്റർ ഡിസൈൻ ചെയ്തത്. കെൽട്രോണിൽ ജോലി ചെയ്തിരുന്ന പ്രേം അസാമാന്യനായ ഒരു ഗ്രാഫിക് ആർട്ടിസ്റ്റാണ്. പ്രതിഭകളെ കണ്ടെത്തുന്നതിൽ സാറിനുണ്ടായിരുന്ന കഴിവിന് മറ്റൊരുദാഹരണം.

സോമൻസാർ മുലയൂട്ടൽ പ്രചരിപ്പിക്കാൻ ഇതുമാത്രമല്ല ചെയ്തത്. എൺപത്തിമൂന്നിലോ മറ്റോ ആണെന്ന് തോന്നുന്നു, അതിമനോഹരമായ ഒരു ഡോക്യുമെന്ററി ഉണ്ടാക്കുകയുണ്ടായി. പ്രശസ്തനായ ജി. അരവിന്ദനായിരുന്നു അതിന്റെ സാക്ഷാത്കാരം നിർവഹിച്ചത്. അരവിന്ദനും ഡോ. സി.ആർ. സോമനും കോട്ടയത്ത് സ്‌കൂൾ പഠനകാലത്തുതന്നെ സതീർത്ഥ്യരായിരുന്നു. വളരെ സമയമെടുത്ത് തിരക്കഥയെഴുതി മനോഹരമായി ഷൂട്ട് ചെയ്ത ആ ഡോക്യുമെന്ററി എന്റെ അറിവിൽ ഒരൊറ്റ തവണ മാത്രമേ സ്‌ക്രീൻ ചെയ്തിട്ടുള്ളൂ. ഷാജി കരുൺ ആയിരുന്നു കാമറാ ചെയ്തത് എന്നുകൂടി ഓർക്കുമ്പോൾ ആ ചിത്രം നഷ്ടപ്പെട്ടതിൽ അതിയായ ഖേദം തോന്നുന്നു. അന്നൊക്കെ ടെക്‌നോളജി വളരെ അപൂർണമായിരുന്നു. ഫിലിം ഷൂട്ട് ചെയ്താൽ ഫിലിമായിത്തന്നെ സൂക്ഷിക്കണമായിരുന്നു. അതെവിടെപ്പോയി എന്ന് എനിക്കിപ്പോഴും വലിയ തിട്ടമില്ല. സാറും പിന്നീട് അതിനെപ്പറ്റി സംസാരിച്ചുകേട്ടിട്ടില്ല.

മലയാളത്തിൽ ആരോഗ്യപ്രചരണം നടത്തുവാൻ ഫലപ്രദമായ മാർഗങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ സാറിനെ ഓർമ്മ വരും. എത്ര മനോഹരമായ പോസ്റ്ററുകളാണ് 'കെയർ' എന്ന സംഘടനയ്ക്ക് വേണ്ടി സാറിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് വിതരണം ചെയ്തിരുന്നത്. ഐ.സി.ഡി.എസ് വരുന്നതിനുമുമ്പേ കേരളത്തിൽ ഉണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പോഷകാഹാരപരിപാടികൾക്ക് വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്തിരുന്നത്. പോഷകാഹാര വിതരണ കേന്ദ്രങ്ങളിൽ ഈ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു. ഇന്ന് കാണുന്ന ആരോഗ്യസന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന വികൃതമായ പല പോസ്റ്ററുകളും കാണുമ്പോൾ ആ മനോഹരമായ പോസ്റ്ററുകൾ ഓർമ്മയിലെത്തും. അവയോരോന്നും ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും അവസാനം അച്ചടിക്കുന്നതുവരെ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു.

അവയിലോരോന്ന് ഓർമ്മയ്ക്കുവേണ്ടി എടുത്തുവയ്‌ക്കേണ്ടതായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ ആദ്യമായി ഇലസ്‌ട്രേറ്റ് ചെയ്ത ഒരു ചെറിയ പുസ്തകം അതും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്ന ഒരു ചെറിയ 'ഗ്രാഫിക്' കഥയായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചെയ്തതാണ്.ഡോ. സോമന്റെ ഏറ്റവും പ്രിയപ്പെട്ട ആരോഗ്യപ്രചാരണ സന്ദേശങ്ങൾ ഒരുപക്ഷേ, പുകയിലയ്‌ക്കെതിരായിട്ടുള്ളവയായിരുന്നു. പോസ്റ്ററുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിങ്ങനെ അനേകം പുകയിലവിരുദ്ധ പ്രചാരണസാമഗ്രികൾ അദ്ദേഹം നിർമ്മിച്ച് വിതരണം ചെയ്യുകയുണ്ടായി. ഒരുവർഷം പുകയിലവിരുദ്ധദിനം ആചരിക്കാൻ പ്രശസ്ത കായികതാരങ്ങളെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് ഒരു ഓട്ടം സംഘടിപ്പിച്ചത് ഓർക്കുന്നു. പി.ടി. ഉഷ, ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി മുതലായ പല പ്രശസ്തരും പങ്കെടുക്കുകയുണ്ടായി. ഒപ്പം എം.എം. ഹസനെപ്പോലെ ചില രാഷ്ട്രീയ താരങ്ങളുമുണ്ടായിരുന്നു. മറ്റൊരു വർഷം കേരളം എമ്പാടുനിന്നും ഒരുലക്ഷം സ്‌കൂൾ കുട്ടികളുടെ ഒപ്പുശേഖരിച്ച് ഒരു പുകയിലവിരുദ്ധ ഭീമഹർജി തയ്യാറാക്കി. അത് രാഷ്ട്രപതിക്ക് നൽകാനായി തിരഞ്ഞെടുത്ത കുട്ടികളുമായി ഡൽഹിയിൽ പോയതോർക്കുന്നു. ആരോഗ്യസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ നൂതനമായ ആശയങ്ങൾ എപ്പോഴും പരീക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നു.

അദ്ദേഹത്തിന്റെ അന്നത്തെ സന്ദേശങ്ങൾ പലതും ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ഇക്കഴിഞ്ഞ ദിനത്തിൽ പ്രസിദ്ധീകരിച്ച 'ഗ്‌ളോബൽ ആന്റി ടുബാക്കോ സർവേയിലെ' കണക്കുകൾ പ്രകാരം കേരളത്തിൽ പുകവലിക്കുന്നവരുടെ പ്രാചുര്യത്തിൽ പത്ത് ശതമാനത്തോളം കുറവുവന്നിട്ടുണ്ട്. മുലയൂട്ടൽ സംസ്ഥാന സർക്കാർ തന്നെ ഏറ്റെടുത്ത് വളരെ പ്രാധാന്യം നൽകി പ്രചാരണം നടത്തുന്നു. ലോകാരോഗ്യ സംഘടനയും യൂനിസെഫും മറ്റും രണ്ടുവയസുവരെ മുലയൂട്ടൽ തുടരുന്നത് കുഞ്ഞുങ്ങൾക്ക് ഏറ്റവും ഉത്തമമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
ഒരു ശിശുദിനത്തിൽ ഞാൻ മുലയൂട്ടലിന്റെ പോസ്റ്റർ ഞങ്ങളുടെ ശിശുവാർഡിൽ ചുമരിൽ തൂക്കാനായി മേശമുകളിൽ നിൽക്കുകയാണ്. അന്നത്തെ ഡ്യൂട്ടി നഴ്‌സ് എന്നോടൊരു ചോദ്യം: 'ഡോക്ടർക്ക് ഈ പടമേ കിട്ടിയുള്ളോ?' വേറെ നല്ല കൊച്ചുങ്ങളുടെ എത്രയോ പടങ്ങളുണ്ട്. ഈ കൊച്ചേതാ ഡോക്ടറേ?' 'അയ്യോ സിസ്റ്റർ, ഇത് ഉണ്ണി ഈശോയുടെ പടമാണ്. ഡാവിഞ്ചി വരച്ചത്', 'ഓ, ഞാനോർത്തു ഇവിടെങ്ങാണ്ടുള്ള ഏതോ ഏബ്രാശിക്കൊച്ചിന്റെ പടമാണെന്ന്!'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ