ഇൗ കാറിൽ പട്ടിയുണ്ട്, സൂക്ഷിക്കുക...
September 11, 2018, 8:28 am
ടി.എസ് സനൽകുമാർ
ചെങ്ങന്നൂർ: പഴയ മോഡൽ ജാഗ്വാർ കാർ വീട്ടുമുറ്റത്ത് കിടക്കുന്നത് കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോവും. എന്നാൽ കൗതുകം തോന്നി അടുത്ത് കൂടുന്നവർ സൂക്ഷിക്കണം. കാറിലെ സവാരിക്കാർ ചില്ലറക്കാരല്ല. കാവൽക്കാരായ നായകളാണ്!. ഇത്തരമൊരു കാറ് ചെങ്ങന്നൂർ ഓതറയിൽ പ്രവാസിയായ ബിനു പുതുതായി നിർമ്മിച്ച പൂവരക്കൽ വീടിന്റെ മുറ്റത്ത് കിടപ്പുണ്ട്. കൂടുതൽ അടുത്തെത്തിയാലാണ് കാറിന്റെ കൗതുകം അദ്ഭുതത്തിന് വഴിമാറുന്നത്. ഇത് ശരിക്കുള്ള കാറല്ല... കാറിന്റെ മോഡൽ പട്ടിക്കൂട് ആണ്.

ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച വീടിന് മുന്നിൽ വ്യത്യസ്തമായ ഒരു പട്ടിക്കൂട് വേണമെന്ന് വീട്ടുടമയ്ക്ക് നിർബന്ധമായിരുന്നു. സിമന്റിലും തടിയിലും അദ്ഭുതങ്ങൾ തീർക്കുന്ന ശില്പിയായ ശിലാസന്തോഷിനെ ചുമതലപ്പെടുത്തുമ്പോൾ ഇത്രയ്ക്കങ്ങ് പ്രതീക്ഷിച്ചില്ല. സിമന്റിലാണ് കാറിന്റെ നിർമ്മാണം. ഏകദേശം രണ്ട് ലക്ഷം രൂപ ചെലവായി. ചക്കയും പ്ലാവും, വയലിൻ, തണ്ണിമത്തൻ, ശംഖ്, വാർപ്പ്, കുട്ട തുടങ്ങി 140ൽ അധികം രൂപങ്ങളിൽ കിണറുകളെ വ്യത്യസ്തമാക്കിയിട്ടുണ്ട് ഇൗ ശില്പി. 2500ൽ അധികം പുരാവസ്തുക്കൾ സൂക്ഷിച്ച് സ്വന്തം വീട് മ്യൂസിയമാക്കി മാറ്റിയ സന്തോഷിന് അറേബ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡും ലഭിച്ചിട്ടുണ്ട്.

സാധാരണ രീതിയിൽ പണികഴിപ്പിക്കുന്ന പട്ടിക്കൂട് അഭംഗിയുണ്ടാക്കും. വീട്ടുമുറ്റത്തെ കാറിന് മലയാളിയുടെ മനസിൽ ഒരു ഇടമുണ്ട്. പുതിയ മോഡൽ കാർ അത്ര ശ്രദ്ധിക്കാത്തതിനാലാണ് പഴയമോഡൽ തിരഞ്ഞെടുത്തത്.
ശിലാ സന്തോഷ് (ശില്പി)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ