പ്രക്ഷോഭദിനത്തിലും കൂട്ടി, ഇന്ധനവില!
September 12, 2018, 12:17 am
ഇന്ധനവില വർദ്ധനവിനെതിരെ രാജ്യത്തൊട്ടാകെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിന് ഇറങ്ങിയ ഇന്നലെയും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടാൻ എണ്ണ കമ്പനികൾ മുതിർന്നു. അതും, ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന് ഒരു സന്ദേഹവുമില്ലാതെ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം! 55 ഇഞ്ച് നെഞ്ചിന്റെ ചങ്കൂറ്റമാണ് അതിന് കാരണമെന്ന് കരുതുന്ന നിഷ്കളങ്കരുണ്ടാവാം. എന്നാൽ, ഭരണാധികാരികളുടെ വാഴ്ചയുടെയും വീഴ്ചയുടെയും ചരിത്രം അറിയാവുന്നവർക്ക് തോന്നുക, കേന്ദ്ര ഭരണനേതൃത്വത്തിന് യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ്. ആവശ്യത്തിലേറെ ബുദ്ധിയും ജനസമ്മതിയുമുള്ള ഭരണാധികാരികൾ പോലും മൂഢസ്വർഗ്ഗത്തിൽ അകപ്പെടാറുണ്ട്. അത് അവരുടെ കുറ്റമല്ല. ചുറ്റും നിൽക്കുന്ന സ്തുതിപാഠകരാണ് അവരെ മൂഢസ്വർഗ്ഗത്തിലേക്കു തള്ളിവിടുക. അധികാരം വർദ്ധിക്കുന്തോറും സ്തുതിപാഠകരുടെ എണ്ണവും കൂടും. യാഥാർത്ഥ്യത്തിന്റെ സൂര്യവെളിച്ചം കടന്നുചെല്ലാത്ത വിധം ഒരു ഇരുമ്പുമറ സൃഷ്ടിക്കുന്നവരാണ് അവർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ സ്തുതിപാഠകരുടെ ഒരു വലയത്തിനുള്ളിലാണെന്ന് വേണം കരുതാൻ.
അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലംപരിശായ ശേഷം പുറത്തുവന്ന ഒരു വിവരം, ഇന്ദിരാഗാന്ധിയെ സ്തുതിപാഠകരും ഇന്റലിജൻസ് ബ്യൂറോയിലെ അന്നത്തെ ഉന്നതരും ചേർന്ന് വഴിതെറ്റിച്ചുവെന്നാണ്. ജനസമ്മതിയും ആവശ്യത്തിലേറെ ബുദ്ധിമുള്ള നേതാവായിരുന്നു ഇന്ദിരാഗാന്ധി. പക്ഷേ, ജനവിധി വന്ന ശേഷമേ യാഥാർത്ഥ്യം ബോദ്ധ്യപ്പെട്ടുള്ളൂ. പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസവും വർദ്ധിപ്പിക്കുന്നത് ഒരു ക്ഷേമപ്രവർത്തനമാണെന്നോ മഹത്തായ ഭരണതന്ത്രജ്ഞതയാണെന്നോ വിശ്വസിക്കുന്ന എത്ര പേരുണ്ടാവും രാജ്യത്ത്? വിലവർദ്ധനവിന്റെ ഗുണഭോക്താക്കൾക്ക് മാത്രമേ ഇത് ഒരു മഹത്തായ കർമ്മമായി തോന്നുകയുള്ളൂ. ഗുണഭോക്താക്കളാവട്ടെ, കേന്ദ്രസർക്കാരിനെ വരച്ചവരയിൽ നിറുത്താൻ കെല്പുള്ള വൻകിട സ്വകാര്യ എണ്ണ കമ്പനി ഉടമകളാണെന്ന സംശയം ജനങ്ങൾക്കിടയിൽ ശക്തമായി നിലനിൽക്കുകയാണ്. സ്വകാര്യഭീമന്മാരെ മാത്രം സഹായിക്കുന്ന ഒരു നടപടിയെ സാധാരണക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് വിചാരിക്കാനും വിശ്വസിക്കാനും രാഷ്ട്രീയമൗഢ്യം കുറച്ചൊന്നും പോരാ. രാജ്യത്താകട്ടെ, അംബാനിമാരല്ല, സാധാരണക്കാരാണ് ബഹുഭൂരിപക്ഷം. അവരാണ് രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. രൂപയുടെ വിനിമയമൂല്യം ഇടിയുന്നത് മൂലമാണ് ഇന്ധനവില വർദ്ധിപ്പിക്കേണ്ടി വരുന്നതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തട്ടിവിട്ടത്. വിനിമയമൂല്യം ഇടിഞ്ഞതിന് ആരാണ് ഉത്തരവാദി? പൊതുജനമാണോ? ആ ചോദ്യം അവിടെ നിൽക്കട്ടെ. ജിപ്സികളുടെ ജീവിതം പോലെയാണോ രാജ്യത്തെ ഇന്ധന സംഭരണം. ജിപ്സികളെ പോലെ ഒരു ദിവസം കിട്ടുന്ന പണം കൊണ്ട് ചന്തയിൽ പോയി അന്നത്തെ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങിക്കുന്നതാണ് സമ്പ്രദായമെങ്കിലേ രൂപയുടെ മൂല്യം ഇടിഞ്ഞ ഉടൻ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിക്കേണ്ടി വരൂ. ക്രൂഡോയിൽ വാങ്ങുന്നത് സംബന്ധിച്ച് ദീർഘകാല കരാറുകൾ സാദ്ധ്യമാകാത്ത ഒരു 'ഏത്തയ്ക്കാ റിപ്പബ്ളിക്ക്' ആണോ ഇന്ത്യ. ഭോഷത്തരങ്ങൾ തട്ടിവിടുന്നതിനും വേണം ഒരു അതിര്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനേ ഇടിഞ്ഞപ്പോൾ ഇന്ധനവില അതിന് അനുസൃതമായി കുറച്ചിരുന്നില്ല. അപ്പോൾ പറഞ്ഞ ഞായം, ദീർഘകാല കരാറുകൾ മൂലം വില കുറയ്ക്കാൻ സാധിക്കുന്നില്ലെന്നാണ്. രണ്ട് യാഥാർത്ഥ്യങ്ങൾ കേന്ദ്രഭരണ നേതൃത്വം മനസിലാക്കേണ്ടതുണ്ട്. ഒന്ന്: ഇന്ധന വില വർദ്ധനവിനെ വെറുപ്പോടെ കാണുന്നവരാണ് രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗവും. രണ്ട് : ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കേണ്ടിവരുന്നത് എന്തുകൊണ്ടെന്ന് യുക്തിഭദ്രമായി വിശദീകരിക്കാൻ കേന്ദ്ര സർക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
സമൂഹത്തിന്റെ നാഡിമിടിപ്പ് സത്യസന്ധമായി ധരിപ്പിക്കാൻ ശ്രമിക്കുന്നവരല്ല ചുറ്റും നിലകൊള്ളുന്ന സ്തുതിപാഠകർ. ഉദ്യോഗസ്ഥരും അതിന് മുതിരാറില്ല. അവരൊക്കെ വിശ്വസ്തരായി മാറിയത് പോലും ഇഷ്ടപ്പെടുന്നത് മാത്രം ചെവിയിലോതിയാണ്. ഈ യാഥാർത്ഥ്യം സമയത്ത് മനസിലാക്കാതിരുന്നതിന്റെ പ്രത്യാഘാതമാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിക്ക് അനുഭവിക്കേണ്ടി വന്നത്. പ്രധാനമന്ത്രിയും ബി.ജെ.പി നേതൃത്വവും ഇനിയെങ്കിലും ഈ യാഥാർത്ഥ്യം മനസിലാക്കണം. ബി.ജെ.പിയെ വെല്ലുവിളിക്കാൻ പ്രതിപക്ഷത്തിന് ത്രാണിയില്ലെന്നും 50 വർഷം ഭരിക്കുമെന്നുമൊക്കെ വെറുതേ വിളിച്ചുപറയരുത്. പ്രതിപക്ഷത്തെയല്ല, ഭൂരിപക്ഷം വരുന്ന സാധാരണക്കാരെയാണ് ഭരണാധികാരികൾ ഭയക്കേണ്ടത്. ഓർക്കണം, അടുത്തുകൊണ്ടിരിക്കുകയാണ് വിധിയെഴുത്തിന്റെ നാളുകൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ