സച്ചിൻ മുതൽ ബെക്കാം വരെ: പ്രായമുള്ള സ്ത്രീയെ വിവാഹം കഴിച്ചാൽ പലതുണ്ട് ഗുണം
September 13, 2018, 1:02 pm
ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ട്- പണ്ട് മുതലേ പ്രചരിക്കുന്ന ഈ ചൊല്ലിന് പിന്നിൽ ഏറെ അർത്ഥങ്ങളുണ്ടെന്ന് അനുഭവസ്ഥർ പറയും. അത് ചിലപ്പോൾ അമ്മയോ, സഹോദരിയോ, സുഹൃത്തോ ഭാര്യയോ ആകാം. എന്നാൽ പ്രായത്തിൽ കൂടിയ സ്ത്രീകളെ വിവാഹം കഴിച്ചാൽ ജീവിതത്തിൽ കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ മുതൽ മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ക്യാപ്‌ടൻ ഡേവിഡ് ബെക്കാം വരെയുള്ളവർ ഇതിന് ഉദാഹരണമാണ്. നിങ്ങളേക്കാൾ പ്രായത്തിൽ മുതിർന്ന സ്ത്രീകളെ വിവാഹം കഴിക്കുന്നത് കൊണ്ടുള്ള ചില ഉപയോഗങ്ങൾ.

നിങ്ങളേക്കാൾ അനുഭവസമ്പത്ത്
നിങ്ങളേക്കാൾ പ്രായത്തിൽ മുതിർന്ന സ്ത്രീയെ വിവാഹം കഴിക്കുകയോ അവരുമായി ചങ്ങാത്തത്തിലാവുകയോ ചെയ്യുന്നത് ഒട്ടേറെ ഗുണങ്ങൾ ചെയ്യും. പല കാര്യങ്ങളിലും നിങ്ങളേക്കാൾ അനുഭവസമ്പത്തുള്ളവരായിക്കും അവർ. പ്രത്യേകിച്ചും കിടപ്പറയിൽ. സ്ത്രീശരീരത്തിന്റെ ലൈംഗിക ആസ്വാദനശേഷി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് മുപ്പതിനും നാൽപ്പതിനും ഇടയിലാണെന്ന് വൈദ്യശാസ്ത്രവും പറയുന്നു. കുടുംബത്തിന്റെയും ജോലി സംബന്ധമായ കാര്യങ്ങളിലും ഇവരുടെ അനുഭവസമ്പത്ത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

നിങ്ങളേക്കാൾ പക്വത
വർഷങ്ങളുടെ ജീവിത അനുഭവങ്ങളിൽ നിന്നും നിങ്ങളേക്കാൾ പക്വത നേടിയവരായിക്കും അവർ. ജീവിതത്തിലെ ചില നിമിഷങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാകുമ്പോൾ ശരിയായ തീരുമാനം എടുക്കാൻ നിങ്ങളുടെ പങ്കാളിക്കല്ലാതെ മറ്റാർക്ക് സാധിക്കും. ജീവിത സാഹചര്യങ്ങൾ മനസിലാക്കി ശരിയായ പക്വതയിലെത്താൻ പുരുഷന്മാർക്ക് 30 വയസ് കഴിയണമെന്നും എന്നാൽ ഒട്ടുമിക്ക സ്ത്രീകളും ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഈ പക്വത കൈവരിക്കുമെന്നും ശാസ്ത്രം അടിവരയിടുകയും ചെയ്യുന്നുണ്ട്.

 ഉപദേശം തേടാൻ മറ്റൊരാളെ തിരയേണ്ട
നിങ്ങളേക്കാൾ വയസിന് മുതിർന്ന ആളായതിനാൽ അത്രയ്‌ക്കും ജീവിത അനുഭവങ്ങൾ ഉള്ളവരായിരിക്കും അവർ. അതിനാൽ തന്നെ എന്ത് കാര്യത്തിലും ഉപദേശം ചോദിക്കാൻ പുറത്തൊരാളുടെ സേവനം തേടേണ്ടതില്ല. എന്തിനും ഉള്ള പരിഹാരം കുടുംബത്തിൽ നിന്ന് തന്നെ ലഭിക്കും. നിങ്ങളുടെ കഥകൾ മടുപ്പിലാതെ കേൾക്കാനും അവൾക്കാകും. എന്നാൽ അവൾക്ക് ആവശ്യമുള്ളപ്പോഴും നിങ്ങളുടെ സേവനം ലഭ്യമാക്കണമെന്ന് ഓർക്കുമല്ലോ.

നല്ല വഴികാട്ടി
പ്രായക്കുറവുള്ള പങ്കാളിക്കൊപ്പമാണ് നിങ്ങളുടെ ജീവിതമെങ്കിൽ കരിയറിലായാലും കുടുംബ ജീവിതത്തിലായാലും നിങ്ങൾ രണ്ട് പേരും ഒരുമിച്ചായിരിക്കും വളരുന്നത്. കൈവശമുള്ള വിഭവങ്ങൾ തുല്യമായി വീതിച്ച് തുല്യമായി വളരും. എന്നാൽ പ്രായക്കൂടുതലുള്ള പങ്കാളിയോടൊപ്പം കഴിയുന്നത് ജീവിതത്തിനോട് പുത്തൻ കാഴ്‌ചപ്പാടുകൾ തോന്നുവാനും കൂടുതൽ വളരാനും പ്രേരിപ്പിക്കും. നിങ്ങളെ മനസിലാക്കാനും സ്‌നേഹിക്കാനും അവർ കാണിക്കുന്ന മത്സരബുദ്ധി നിങ്ങളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തും. തലമുറകൾ തമ്മിലുള്ള അന്തരമൊക്കെ മനസിന്റെ കൊടുക്കൽ വാങ്ങലുകൾക്കിപ്പുറം വീണുടയുമ്പോൾ നാളിതുവരെ തിരിച്ചറിയാത്ത നവ്യാനുഭവമാകും മനസിന് ലഭിക്കുന്നതെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ