സമരം ചെയ്യാൻ പണം എവിടുന്ന് കിട്ടി, കന്യാസ്ത്രീകൾക്കെതിരെ അന്വേഷണം
September 12, 2018, 11:21 pm
കൊച്ചി:ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യാൻ കന്യാസ്ത്രീകൾക്ക് സാമ്പത്തിക സഹായം കിട്ടിയത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ അന്വേഷണ സമിതിയെ നിയോഗിച്ചതായി മിഷണറീസ് ഓഫ് ജീസസ് സന്യാസിനിസഭ. ബിഷപ്പിനെതിരെയും സഭയുടെ മദർ ജനറലിനുമെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. കന്യാസ്ത്രീകൾ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നിരീക്ഷിക്കാനും നിർദേശമുണ്ട്.

അതേസമയം, ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ നീതിപൂർവകമായി പൊലീസ് അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) ആവശ്യപ്പെട്ടു. പരാതിയുടെ മറവിൽ കത്തോലിക്കാസഭയെയും ബിഷപ്പുമാരെയും ആക്ഷേപിക്കാൻ സ്ഥാപിത താല്പര്യക്കാരും ചില മാദ്ധ്യമങ്ങളും അഞ്ചു കന്യാസ്ത്രീകളെ മുന്നിൽ നിറുത്തി നടത്തുന്ന സമരം അതിരുകടന്നതാണെന്ന് കെ.സി.ബി.സി ആരോപിച്ചു.

പരാതിക്കാരിയായ കന്യാസ്ത്രീക്കും ആരോപണവിധേയനായ ബിഷപ്പിനുമുണ്ടാകുന്ന മുറിവും വേദനയും സഭയും പങ്കിടുന്നു. ബിഷപ്പിനെതിരായ ആരോപണം വളരെ ഗുരുതരമാണ്. അന്വേഷണം പൊലീസ് പൂർത്തിയാക്കി വിചാരണ നടത്തി കുറ്റവാളി ആരായാലും കോടതി ശിക്ഷിക്കട്ടെ. മാദ്ധ്യമങ്ങൾ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാർമ്മികവും അനധികൃതവുമാണ്. അന്വേഷണോദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും സഭയെ കല്ലെറിയാനും നടത്തുന്ന സമരങ്ങൾ അപലപനീയമാണ്.

പ്രതിയുടെ അറസ്റ്റ് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണ്. പരാതിക്കാരനല്ല. അന്വേഷണം ആരംഭിച്ചാലുടൻ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് നിയമമില്ല. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ്‌ചെയ്ത് ജയിലിൽ ഇടണമെന്നാണു സമരക്കാരുടെ താല്പര്യം. അന്വേഷണം നീളുന്നതിനും അറസ്റ്റു ചെയ്യാത്തതിനും സഭയെയും മറ്റു ബിഷപ്പുമാരെയും കുറ്റപ്പെടുത്തുന്നതിൽ യുക്തിയില്ല.

കന്യാസ്ത്രീയ്ക്ക് സഭയിൽനിന്ന് നീതികിട്ടിയില്ലെന്ന ആരോപണത്തിൽ കഴമ്പില്ല. കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കോ മറ്റു ബിഷപ്പുമാർക്കോ ജലന്ധർ ബിഷപ്പിന്റെ മേലോ മിഷണറീസ് ഒഫ് ജീസസ് കോൺഗ്രിഗേഷന്റെ മേലോ അധികാരമില്ല. ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് അവർക്കു നൽകിയ പരാതിയിൽ പറഞ്ഞിരുന്നില്ല. സമരം ചെയ്യുന്ന അഞ്ചു കന്യാസ്ത്രീകളുടെ നടപടികളെക്കുറിച്ചും സന്ന്യാസസഭയുടെ നിയമങ്ങൾ ലംഘിക്കുന്ന ജീവിതത്തെക്കുറിച്ചും മിഷണറീസ് ഒഫ് ജീസസ് പറയുന്ന കാര്യങ്ങളും പ്രസക്തമാണ്. കത്തോലിക്കാസഭയെ അവഹേളിച്ച് കന്യാസ്ത്രീകൾ വഴിവക്കിൽ പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം മുഴക്കുന്നത് അംഗീകരിക്കില്ലെന്ന് കെ.സി.ബി.സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് വാർത്താക്കുറിപ്പിൽ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ