പ്രളയത്തെ അതിജീവിച്ച് മലയാള സിനിമ
September 13, 2018, 8:56 am
പ്രളയം സൃഷ്ടിച്ച അപ്രതീക്ഷിത പ്രതിസന്ധിയിൽ നിന്ന് മലയാള സിനിമ കരകയറുന്നു. 14 ചിത്രങ്ങളുടെ ഷൂട്ടിംഗാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്നത്. പ്രളയം കാരണം പുതിയ സിനിമകളുടെ റിലീസും ഷൂട്ടിംഗും നിറുത്തി വച്ചിരിക്കുകയായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മധുരരാജയുടെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. നെൽസൺ ഐപ്പാണ് നിർമ്മാണം. പൃഥ്വിരാജ് മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. 20 വരെ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ കുട്ടിക്കാനം, മുംബയ്, ലണ്ടൻ എന്നിവിടങ്ങളാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫറിന് തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്രോയ് തുടങ്ങി വൻ താരനിര അണിനിരക്കുന്നു.

ദിലീപ് - ബി. ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഒറ്റപ്പാലമാണ്. വയാകോം 18 മോഷൻ പിക്‌ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മംമ്തയും പ്രിയ ആനന്ദുമാണ് നായികമാർ. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാൻ പ്രകാശന്റെ ലൊക്കേഷൻ എറണാകുളമാണ്. ഒരു ഇന്ത്യൻ പ്രണയ കഥയ്ക്ക് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ഈ സത്യൻ അന്തിക്കാട് ചിത്രത്തിൽ നിഖിലാ വിമലാണ് നായിക. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് നിർമ്മാണം.

നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിന്റെ ഷൂട്ടിംഗ് എറണാകുളത്ത് നടക്കുന്നു. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജിമ മോഹനാണ് നായിക. ജയറാം നായകനാകുന്ന ലോനപ്പന്റെ മാമ്മോദീസയുടെ ലൊക്കേഷൻ അങ്കമാലിയാണ്. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പെൻ ആൻഡ് പേപ്പർ ക്രിയേഷൻസാണ്. അന്നാ രാജനും കനിഹയുമാണ് നായികമാർ. ലാൽജോസ് - കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലൊരുങ്ങുന്ന തട്ടുംപുറത്ത് അച്യുതന്റെ പ്രധാന ലൊക്കേഷൻ തൃശൂരിലെ പെരുമ്പിലാവാണ്. എം. സിന്ധുരാജിന്റേതാണ് തിരക്കഥ. ഷെബിൻ ബെക്കർ നിർമ്മിക്കുന്ന ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യും. അതേസമയം കുഞ്ചാക്കോ ബോബൻ നായകനാകുന്ന മറ്റൊരു ചിത്രമായ അള്ള് രാമേന്ദ്രൻ തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ബിലഹരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഷിക് ഉസ്മാൻ നിർമ്മിക്കുന്നു. കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് തുടങ്ങി. ശ്രീഗോകുലം മൂവീസ് ഇൻ അസോസിയേഷൻ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേർന്നാണ് നിർമ്മാണം. വിജയ്ബാബു, വി.കെ. ബൈജു, ഗണപതി, വിഷ്ണു, ഭഗത് മാനുവൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

രിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി എറണാകുളത്ത് പുരോഗമിക്കുന്നു. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, മനോജ് കെ. ജയൻ, സുരഭി സന്തോഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എം.ഷിജിത്ത്, ഷഹീർ ഖാൻ എന്നിവർ ചേർന്നാണ്. ഇതോടൊപ്പം ഷറഫുദ്ദീൻ, സിജു വിൽസൺ, അനു സിതാര എന്നിവരെ പ്രധാന താരങ്ങളാക്കി എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഷൊർണൂരും ചെമ്പൻ വിനോദിനെ നായകനാക്കി വിഷ്ണു എസ്. ഭട്ടതിരി സംവിധാനം ചെയ്യുന്ന ആനയെ പൊക്കിയ പാപ്പാൻ വടക്കാഞ്ചേരിയിലും വിനോദ് ഗുരുവായൂരിന്റെ സംവിധാനത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, മാനസ രാധാകൃഷ്ണൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സകലകലാശാല പൂക്കാട്ടുപടിയിലും പുരോഗമിക്കുന്നു.

നവാഗതനായ കെ.ആർ.പ്രവീൺ സംവിധാനം ചെയ്യുന്ന തമിയാണ് ഷൂട്ടിംഗ് തുടങ്ങിയ മറ്റൊരു ചിത്രം. ഷൈൻ ടോം ചാക്കോയാണ് നായകൻ. ഇതിന്റെ ഷൂട്ടിംഗ് 10ന് കോഴിക്കോട് തുടങ്ങി. കെ.ആർ. പ്രവീൺ തന്നെ തിരക്കഥ രചിക്കുന്ന തമി നിർമ്മിക്കുന്നത് ആർട്ട് ആൻഡ് പിക്‌ചേഴ്സാണ്. സോഹൻ സീനുലാൽ, സുനിൽ സുഖദ, ശശി കലിംഗ, ഷരൺ എസ്.എസ്, ഷാജി ഷോ ഫൈൻ, നിതിൻ തോമസ്, ഗോപിക അനിൽ, അഭിജിത്ത് അശോകൻ, അരുൺസോൾ, ഷാൻ ബഷീർ. രാജൻ പാടൂർ, വിജയലക്ഷ്മി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സന്തോഷ് സി. പിള്ളൈ ഛായാഗ്രഹണവും വിശ്വജിത്ത് സംഗീത സംവിധാനവും നിർവഹിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ