കാമുകനുമൊത്ത് മോഷണത്തിന് പിടിയിലായ സുനിതയ്ക്ക് മക്കൾ മൂന്ന്, കാമുകൻമാർ നിരവധി
September 13, 2018, 10:20 am
മാവേലിക്കര: സ്‌കൂട്ടറിൽ കറങ്ങി മാല പൊട്ടിക്കുന്ന യുവതിയും കാമുകനും പിടിയിലായി. എണ്ണയ്ക്കാട് ഇലഞ്ഞിമേൽ വടക്ക് വിഷ്ണു ഭവനിൽ സുനിത (36)കാമുകൻ ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനിൽ ബിജു വർഗീസ് (33) എന്നിവരാണ് പിടിയിലായത്. 2018 ജൂൺ മുതൽ മാവേലിക്കരയിലും പരിസരത്തും സ്‌കൂട്ടറിൽ കറങ്ങി മാല അപഹരിച്ചുവന്ന സംഘത്തെ മൂന്ന് മാസം നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് പൊലീസ് വലയിലാക്കിയത്.

മൂന്ന് മക്കൾ, നിരവധി കാമുകൻമാർ,
മോഷണ സമയത്ത് ധരിച്ചിരുന്ന അതേ വേഷവിധാനങ്ങളോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയതും. സുനിതയെ ബുധനൂരുള്ള വീട്ടിൽ നിന്നും ബിജുവിനെ ഹരിപ്പാടുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും 3 മക്കളുടെ മാതാവുമായ സുനിത ഭർത്താവ് വിദേശത്ത് ആയിരുന്നപ്പോൾ കാമുകന്മാരുടെ കൂടെ ഒളിച്ചോടിയത് സംബന്ധിച്ച് മാന്നാർ സ്റ്റേഷനിൽ ഭർത്താവിന്റെ പരാതിയിൽ നിരവധി കേസുകളുണ്ട്. ഒന്നര വർഷം മുമ്പാണ് ദുബായിൽ ജോലി ചെയ്തിരുന്ന അവിവാഹിതനായ ബിജുവിനെ ഫേസ് ബുക്ക് വഴി സുനിത പരിചയപ്പെടുന്നത്. തുടർന്ന് അടുപ്പത്തിലായ ഇവർ ബന്ധം തുടർന്നു. നാട്ടിലെത്തിയ ബിജു ബുധനൂരിലെത്തി സുനിയോടൊപ്പം താമസം തുടങ്ങി. ഭർത്താവ് അറിഞ്ഞ് പ്രശ്നമായതോടെ വിവിധ സ്ഥലങ്ങളിൽ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. പിന്നീട് ഉമ്പർനാട്ടെ വാടക വീട്ടിൽ താമസിക്കുമ്പോഴാണ് അമിത സമ്പാദ്യത്തിനും ആഡംബരത്തിനും വേണ്ടി മാല മോഷണം നടത്താൻതീരുമാനിച്ചത്.
ടിപ്പർലോറി ഡ്രൈവറായ ബിജു പുലർച്ചെയുള്ള യാത്രയിൽ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് നിർമ്മാല്യം തൊഴാൻ സ്ത്രീകൾ നടന്നു വരാറുണ്ടെന്ന് മനസിലാക്കിയാണ് സുനിതയുമൊത്ത് മോഷണത്തിനെത്തിയത്. പൊട്ടിച്ചെടുത്ത ആഭരണങ്ങൾ താമരക്കുളത്തെയും കരുനാഗപ്പള്ളിയിയിലെയും സ്വർണക്കടകളിൽ വിൽക്കുകയായിരുന്നു. തൊണ്ടി മുതലുകൾ കണ്ടെടുത്തിട്ടുണ്ട്. സി.ഐ പി.ശ്രീകുമാറിനോടൊപ്പം എസ്.ഐ സി.ശ്രീജിത്, സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, അരുൺഭാസ്‌കർ, ഗോപകുമാർ, സിനു വർഗീസ്, ശ്രീജ.എസ്, രേണുക എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


ഒരു മാസത്തിനിടെ രണ്ട് മോഷണങ്ങൾ
2018 ജൂൺ 18ന് വൈകിട്ട് നാലിന് കല്ലിമേൽ ജില്ലാ കൃഷിത്തോട്ടത്തിനടുത്ത് റോഡിൽ കൂടി പോയ യുവതിയുടെ അടുത്ത് സ്‌കൂട്ടർ നിറുത്തി വഴി ചോദിച്ച ഇവർ യുവതിയുടെ താലിയുൾപ്പെടുന്ന രണ്ടര പവൻ മാല വലിച്ച് പൊട്ടിച്ചു. മാല നഷ്ടപ്പെട്ട കല്ലിമേൽ സ്വദേശിയായ യുവതി സ്‌കൂട്ടറിന്റെ നമ്പർ 586 എന്ന് പൊലീസിൽ അറിയിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞ് ചെട്ടികുളങ്ങര കടവൂർ ഭാഗത്ത് പുലർച്ചെ അഞ്ചിന് ചെട്ടികുളങ്ങര ക്ഷേത്ര ദർശനത്തിനായി വന്ന പ്രായമുള്ള സ്ത്രീയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ബിജു ശ്രമം നടത്തി. പിടിവലിക്കിടെ സ്ത്രീ ഇയാളുടെ കൈയിൽ കടിച്ചു. രക്ഷപ്പെട്ട് ഓടിയ ബിജു കാത്തുനിന്ന് സുനിതയെയും കൂട്ടി വാഹനത്തിൽ കയറി കായംകുളം ഭാഗത്തേക്ക് പോയി. മാലയുടെ ഒരു ചെറിയ കഷണമാണ് കിട്ടിയത്.

കുടുക്കിയത് സ്‌കൂട്ടറിന്റെ നമ്പർ
മോഷണം പതിവായതോടെ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ നിർദ്ദേശാനുസരണം സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് 586 എന്ന നമ്പർ വരുന്ന ആക്ടീവ സ്‌കൂട്ടറിനെപ്പറ്റി അന്വേഷിച്ചെങ്കിലും നമ്പർ വ്യാജമെന്ന് കണ്ടെത്തി. പിന്നീട് മുന്നൂറ് സി.സി.ടി.വി ദൃശ്യങ്ങളും നൂറ് മൊബൈൽ ഫോൺകാൾ വിവരങ്ങളും പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വ്യക്തമല്ലാത്ത ചില വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും രാപകൽ പല സ്ഥലങ്ങളിൽ രഹസ്യ നിരീഷണം നടത്തിയും അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തിൽ സ്‌കൂട്ടറിന്റെ നമ്പർ ഗഘ.30.ഉ.5867 എന്നാണെന്നും മുന്നിലും പിന്നിലും അവസാന നമ്പർ ഇളക്കിമാറ്റി 586 എന്നാക്കിയിരിക്കുകയാണെന്നും തിരിച്ചറിഞ്ഞു. ഒടുവിൽ പ്രതികളെയും തിരിച്ചറിഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ