മുതുകിലെ കമ്പി സൗജന്യമായി നീക്കി, ദുരിതം മാറിയ ശങ്കർ ഭിക്ഷയാചിക്കാതെ നാട്ടിലേക്ക് യാത്രയായി
September 13, 2018, 3:45 pm
തിരുവനന്തപുരം: കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നട്ടെല്ല് പൊട്ടി മുതുകിൽ കമ്പിയുമായി ഭിക്ഷാടനം നടത്തിയ ശങ്കർ ആരോഗ്യവാനായി നാട്ടിലേക്ക് മടങ്ങി. ജാർഖണ്ഡ് സ്വദേശി ശങ്കറിന്റെ ദുരവസ്ഥയെ കുറിച്ച് കേരള കൗമുദി ഫ്ളാഷ്' ആഗസ്റ്റ് 11ന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമ്മദ് 'ഫ്ളാഷു' മായി ബന്ധപ്പെട്ട് ചികിത്സ നൽകാമെന്ന് അറിയിക്കുകയായിരുന്നു. ഫ്ളാഷ് ടീമാണ് സിറ്റി പൊലീസിന്റെ സഹായത്തോടെ ശങ്കറിനെ രണ്ടാഴ്ചമുമ്പ് ആശുപത്രിയിലെത്തിച്ചത്. നാട്ടിലെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനാണ് ശങ്കർ തിരുവനന്തപുരത്തെത്തി ഭിക്ഷയെടുത്തത്.

ചെന്നൈയിൽ നിർമ്മാണ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റത്. കൈവശമുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപ ചെലവിട്ടാണ് നട്ടെല്ലിന് കമ്പിയിട്ടത്. മാസങ്ങൾക്കുശേഷം കമ്പിയെടുക്കാൻ പണമില്ലാത്തതിനാലാണ് ഭിക്ഷയാചിച്ച് തുടങ്ങിയത്.

ശങ്കറിനെ ആശുപത്രിയിലെത്തിക്കുമ്പോൾ യഥാസമയം കമ്പി നീക്കം ചെയ്യാത്തതിനാൽ മുറിവ് പഴുത്ത് ആന്തരികാവയവങ്ങൾക്ക് തകരാറും നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാവുന്ന സാഹചര്യത്തിലായിരുന്നു. അരലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ സൂപ്രണ്ടിന്റെ ഡോണർ ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് സൗജന്യമായാണ് ചെയ്തത്.


ശസ്ത്രക്രിയയിലൂടെ കമ്പി നീക്കം ചെയ്തശേഷം മെഡിക്കൽ കോളേജിലെ 15 ാം വാർഡിൽ പ്രവേശിപ്പിച്ച ശങ്കറിന് സൂപ്രണ്ട് ഡോ. ഷർമ്മദ്, ആർ.എം.ഒ ഡോ. മോഹന്റോയ് , ഓർത്തോ വിഭാഗം ഡോക്ടർമാർ, നഴ്സുമാരുൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ എന്നിവരിൽ നിന്ന് സ്‌നേഹപൂർവമായ പരിചരണമാണ് ലഭിച്ചിരുന്നത്. ശങ്കറിന് നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് എടുത്ത് നൽകിയത് വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടം മുറിഞ്ഞപാലം പഴയറോഡ് യൂണിറ്റ് ജനറൽ സെക്രട്ടറി ടി.സജീവാണ് . ദൈവത്തിന്റെ നാട്ടിൽ നിന്നും സന്തോഷത്തോടെയാണ് ശങ്കർ മടങ്ങുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ