'2014ലേത് സാമ്പിൾ, തൃശൂർ പൂരം 2019ൽ': ബി.ജെ.പിക്ക് 300 സീറ്റെന്ന് സർവേ
September 13, 2018, 5:54 pm
ന്യൂഡൽഹി: അടുത്ത വർ‌ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി 300 സീറ്റുകൾ നേടുമെന്നും എൻ.ഡി.എ 360ൽ കൂടുതൽ സീറ്റുകൾ നേടുമെന്നും പാർട്ടി സർവേ. വിലക്കയറ്റം, ഇന്ധനവില വർദ്ധന, തൊഴിലില്ലായ്‌മ, രൂപയുടെ വിലയിടിയൽ തുടങ്ങിയ പ്രതികൂല സാഹചര്യത്തിലും ബി.ജെ.പി വിജയിക്കുമെന്ന സർവേ പാർട്ടി പ്രവർത്തകർക്കിടയിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് 51 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. 2014ലെ തിരഞ്ഞെടുപ്പിനേക്കാൾ 12 ശതമാനം കൂടുതൽ. രാജ്യത്തെ ജനങ്ങളുടെ വികാരം കേന്ദ്രസർക്കാരിനൊപ്പമാണ്. കേന്ദ്രസർക്കാർ സേവനങ്ങൾ 90 ശതമാനം ഗ്രാമീണർക്കും ലഭിച്ചതായും മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. 2014ൽ എൻ.ഡി.എ 336 സീറ്റുകളും ബി.ജെ.പി 282 സീറ്റുകളും നേടിയിരുന്നു. എന്നാൽ സർവേ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ബി.ജെ.പിയും കേന്ദ്രസർക്കാർ വൃത്തങ്ങളും തയ്യാറായില്ല.

അതേസമയം, ഇതിന് മുമ്പ് ചില മാദ്ധ്യമ സ്ഥാപനങ്ങളും ഏജൻസികളും നടത്തിയ സർവേയിൽ ബി.ജെ.പി വൻ നേട്ടമുണ്ടാക്കുമെന്ന് പ്രവചിക്കുന്നില്ല. കഴിഞ്ഞ മേയിൽ ഒരു ദേശീയ മാദ്ധ്യമം നടത്തിയ സർവേയിൽ 47 ശതമാനം ആളുകളും നരേന്ദ്ര മോദിക്ക് രണ്ടാമൂഴം നൽകുന്നതിനെ അനുകൂലിച്ചിരുന്നില്ല. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരക്കാരൻ ആകുമെന്നും ആളുകൾ അഭിപ്രായപ്പെട്ടിരുന്നു. ജൂലായിൽ ഇന്ത്യാ ടുഡെ നടത്തിയ സർവേയിൽ എൻ.ഡി.എക്ക് 281ഉം കോൺഗ്രസിന് 122 സീറ്റുകളുമാണ് പ്രവചിച്ചത്. ബി.ജെ.പിയുടെ സീറ്റ് നില 282ൽ നിന്നും 245ലേക്ക് താഴുമെന്നും കോൺഗ്രസ് 83 സീറ്റുകൾ അധികമായി നേടുമെന്നും പ്രവചിച്ചിരുന്നു.

അതിനിടെ, പ്രതിപക്ഷം മുമ്പെങ്ങുമില്ലാത്ത ആരോപണങ്ങളുമായി കേന്ദ്രസർക്കാരിനെതിരെ ആക്രമണം നടത്തുന്നത് ബി.ജെ.പി കേന്ദ്രങ്ങളിൽ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. നിലവിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ മറുപടി പറഞ്ഞ് സമയം കളയാതെ സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ബി.ജെ.പി നേതാക്കൾക്ക് പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനിടയിലാണ് ജയ്‌റ്റ്‌ലിക്കെതിരെ മല്യയുടെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ഈ ആരോപണത്ത പ്രതിരോധിക്കാൻ ബി.ജെ.പി നേതാക്കൾ കൂട്ടത്തോടെ വാർത്താ സമ്മേളനം നടത്തിയതും ശ്രദ്ധേയമാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ