കിർമാണി മനോജ് വിവാഹം ചെയ്‌തത് തന്റെ ഭാര്യയെ, പൊലീസിൽ പരാതിയുമായി യുവാവ്
September 13, 2018, 6:29 pm
വടകര: ടി.പി വധക്കേസ് പ്രതി കിർമാണി മനോജ് വിവാഹം ചെയ്‌തത് തന്റെ ഭാര്യയെ ആണെന്ന പരാതിയുമായി യുവാവ്. വിദേശത്ത് ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡി.വെെ.എസ്.പി ഓഫീസിനെ സമീപിച്ചത്. മൂന്ന് മാസം മുമ്പ് വീട് വിട്ടിറങ്ങിയതാണ് ഭാര്യയെന്നും തന്റെ രണ്ട് മക്കളേയും ഇവർ കൂടെ കൂട്ടിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. നിയമപരമായി തങ്ങൾ വേർപിരിഞ്ഞിട്ടില്ലെന്നും നിലവിൽ തന്റെ ഭാര്യയാണ് യുവതിയെന്നും യുവാവ് അവകാശപ്പെടുന്നു.

ഇന്നലെയായിരുന്നു കിർമാണി മനോജ് എന്ന മാഹി പന്തക്കൽ സ്വദേശി മനോജ് കുമാറിന്റെ വിവാഹം. ടി.പി വധക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപരന്ത്യം തടവിൽ കഴിയുന്ന മനോജ് പതിനൊന്ന് ദിവസത്തെ പരോളിലിറങ്ങിയാണ് വിവാഹം കഴിച്ചത്. മറ്റൊരാളുടെ കൂടെ പോയ ഭാര്യയിൽ നിന്നും നിയമപരമായ വിടുതൽ വേണമെന്നും ഭാര്യ കൂടെ കൊണ്ട് പോയ തന്റെ മക്കളെ വിട്ട് കിട്ടണമെന്നും യുവാവ് പരാതിയിൽ പറയുന്നു.

ടി.പി ചന്ദ്രശേഖരന്റെ നാട്ടുകാരി കൂടിയായ യുവതിയെ മനോജ് വടകരയിൽ നിന്നും 800 കിലോമീറ്റർ അപ്പുറത്തുള്ള പുതുച്ചേരി സിന്ധാന്തൻ കോവിൽ വച്ചാണ് താലി കെട്ടിയത്. വിവാദം പേടിച്ച് പാർട്ടി പ്രവർത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കൾ മാത്രമാണ് കല്ല്യാണത്തിൽ പങ്കെടുത്തിരുന്നത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വർഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സി.പി.എം നേതാക്കൾ പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ