ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
September 14, 2018, 10:52 am
ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധി. ഐ.എസ്.ആർ.ഒ ചാരക്കേസിൽ തന്നെ കുടുക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി. റിട്ട: ജസ്റ്റിസ് ഡി.കെ ജയിൻ അദ്ധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. കേന്ദ്ര – സംസ്ഥാന പ്രതിനിധികളും ഇതിൽ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

ചാരക്കേസിൽ തന്നെ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെ വിടരുതെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നായിരുന്നു നമ്പി നരായണൻ കോടതിയിൽ ആവശ്യപ്പെട്ടത്. മുൻപ് നഷ്ടപരിഹാരമായി 11ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നു.

1994 നവംബർ 30നാണ് നമ്പി നാരായണൻ ചാരക്കേസിൽ അറസ്റ്റിലായത്. എന്നാൽ, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സി.ബി.ഐ ശുപാർശ ചെയ്തിരുന്നു. എന്നാൽ, കേസ് അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണൻ തിരുവനന്തപുരത്ത് പ്രതികരിച്ചു. സിമിതിക്ക് പകരം സി.ബി.ഐ അന്വേഷണമായിരുന്നു താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ