കടലിൽ പോകേണ്ട തീരങ്ങളിൽ തന്നെ ചാകര: കേരളത്തിന്റെ സ്വന്തം സൈന്യത്തിനെ കടലമ്മയും ആദരിച്ചു
September 14, 2018, 12:39 pm
പ്രിജിൻ പാറായി
കോഴിക്കോട് : കടൽ തീരങ്ങളോട് അടുപ്പിച്ച് ചാകര, ഉൾക്കടലിലേക്ക് പോവാതെ തന്നെ മത്സ്യത്തൊഴിലാളികളുടെ വല നിറച്ച് മത്സ്യങ്ങൾ. തോപ്പിൽ, പുതിയ കടവ് കടൽ ഭാഗങ്ങളിലാണ് ഇന്നലെ രാവിലെ മത്സ്യ ചാകര ഉണ്ടായത്.
കടൽത്തിരയ്‌ക്കൊപ്പം മാന്തയും കൂന്തളും കൂട്ടമായി തീരത്തേക്ക് എത്തുകയായിരുന്നു. കടൽത്തീരത്തെ മണൽപ്പരപ്പിനടുത്തേക്ക് മത്സ്യങ്ങൾ കൂട്ടത്തോടെ വന്നെത്തിയതോടെ പ്രദേശവാസികൾ ചെറുവലകളും മറ്റും ഉപയോഗിച്ച് അവയെ പിടിക്കുവാനുള്ള ശ്രമത്തിലായി. കരപ്രദേശത്തോട് ചേർന്ന് കടലിൽ വല വീശിയ മീൻപിടിത്തക്കാർ വല നിറഞ്ഞപ്പോൾ വള്ളത്തിലേക്ക് കയറ്റാനാവാതെ ബുദ്ധിമുട്ടി. വീശു വലയുപയോഗിച്ചും മറ്റും കരയിൽ നിന്നും വെള്ളത്തിൽ നിന്നും ആളുകൾ മീൻ പിടിക്കുന്നത് കാണാൻ ഒട്ടനവധിയാളുകളാണ് ഇവിടേക്ക് എത്തിയത്.
പ്രളയത്തിന് ശേഷം ഇതുവരെ കടൽത്തീരം കാണാത്ത ചാകരയാണ് ഇത്തവണയുണ്ടായതെന്ന് പ്രദേശവാസികളും പറയുന്നു. ഇന്നലെ പുലർച്ചയോടെയാണ് മീൻകൂട്ടങ്ങൾ തീരത്തേക്ക് എത്തിയത്. മത്സ്യത്തൊഴിലാളികൾ തന്നെയാണ് ആദ്യം മീനുകളെ കണ്ടതും. കണ്ടവർ കണ്ടവർ ദൂരങ്ങളിലേക്ക് പോകുന്നത് നിർത്തി കരയോട് ചേർന്ന് തന്നെ വലയെറിഞ്ഞ് മീൻ പിടിക്കുകയായിരുന്നു. ചാകരയറിഞ്ഞ് ദൂരെ ദിക്കിൽ നിന്നുപോലും ആളുകൾ ബോട്ടുകളിലെത്തി വല വീശുവാൻ തുടങ്ങി. നിമിഷ നേരങ്ങൾ കൊണ്ട് കടൽത്തീരം മത്സ്യത്തൊഴിലാളികളെയും കാഴ്ചക്കാരെയും കൊണ്ട് നിറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം കൊണ്ട് കടൽ ജലത്തിന് അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതിനാലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ കരയിലേക്കെത്തിയതെന്നാണ് പരിസരവാസികൾ പറയുന്നത്. ഈ മാസങ്ങളിൽ ചിലപ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ടെന്നും അവർ പറഞ്ഞു. കടൽ കാണാൻ മറ്റു ജില്ലകളിൽ നിന്നെത്തിയവരും കൈ നിറയെ മത്സ്യവും ഉള്ളു നിറയെ സന്തോഷവുമായാണ് മടങ്ങിയത്.

''വെള്ളപ്പൊക്കത്തിന് ശേഷം ഇത്തരത്തിൽ മീൻ കിട്ടുന്നത് ആദ്യമാണ്. ഇതിനിയും തുടരണേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന''.
രാജൻ (മത്സ്യത്തൊഴിലാളി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ