ചാരക്കേസിന് പിന്നിൽ അ‌ഞ്ച് നേതാക്കൾ, വിവാദത്തിന് തിരികൊളുത്തി പത്മജ
September 14, 2018, 12:47 pm
തൃശൂർ: ഐ.എസ്.ആർ.ഒ ചാരക്കേസ് മൂന്ന് ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്നും രാഷ്ട്രീയത്തിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന അ‌ഞ്ച് നേതാക്കന്മാരാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ആരോപിച്ചു. ഇവർ ആരൊക്കെയാണെന്ന് ജുഡീഷ്യൽ കമ്മിഷൻ മുമ്പാകെ വെളിപ്പെടുത്തും. എന്നാൽ കേസിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന് താൻ പരസ്യമായി പറയില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണ് കെ.കരുണാകരൻ. വിശ്വസിച്ച് കൂടെ നിന്നവരാണ് ചാരക്കേസിന്റെ പേരിൽ അദ്ദേഹത്തെ ചതിച്ചത്. അദ്ദേഹത്തിന് വേണമെങ്കിൽ ഇവരുടെ പേരുകൾ നേരത്തെ തന്നെ വെളിപ്പെടുത്താമായിരുന്നു. അതുകൊണ്ട് താനും ഇവരുടെ പേരുകൾ വെളിപ്പെടുത്താനില്ലെന്നും തൃശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ പത്മജ പറഞ്ഞു.

ചാരക്കേസിൽ മറ്റെല്ലാവർക്കും നീതി ലഭിച്ചപ്പോൾ കെ.കരുണാകന് മാത്രമാണ് നീതി കിട്ടാതെ മരിച്ചത്. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കോൺഗ്രസ് പാർട്ടിയുടെ കൂടി ആവശ്യമാണ്. ചില നേതാക്കന്മാരുടെ ചട്ടുകമായി ഉദ്യോഗസ്ഥർ പ്രവർത്തിക്കുകയായിരുന്നു. കാടടച്ച് വെടിവയ്‌ക്കുമ്പോൾ കൊള്ളുന്നത് ആ‌ർക്കൊക്കെയാണെന്ന് പറയാൻ കഴിയില്ല. എല്ലാവരുമായി ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും അവർ പറഞ്ഞു.

അതേസമയം, പത്മജയുടെ ആരോപണം പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചു. വിവിധ പാർട്ടികളിൽ പെട്ട അഞ്ച് നേതാക്കൾ ആരാണെന്നതിനെ സംബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ ചർച്ചയും ആരംഭിച്ചിട്ടുണ്ട്. ചാരക്കേസ് കരുണാകരനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചെന്ന് മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പും പ്രതികരിച്ചു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമെന്നതിനാൽ വിവാദം വീണ്ടും ചർച്ചയാകുമെന്ന് ഉറപ്പ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ