സാലറി ചലഞ്ചിന്റെ ധാർമികത പറയുന്ന പ്രാരാബ്ദക്കാർ, ഈ നാലാം ക്ലാസുകാരന്റെ മുന്നിൽ എത്രയോ ചെറുതാവുന്നു
September 14, 2018, 4:20 pm
പ്രളയദുരിതത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്താൻ കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് സാലറി ചലഞ്ച്. എല്ലാ ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം നവകേരള നിർമ്മിതിക്കായി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ വിവാദവും ഉയർന്നു. പ്രതിപക്ഷ സംഘടനകൾ അടക്കമുള്ളവരാണ് പ്രതിഷേധം ഉയർത്തിയത്.

എന്നാൽ പാലക്കാട് ജില്ലയിലെ ഒരു വിദ്യാലയത്തിലെ നാലാം ക്ലാസുകാരൻ വിനോദയാത്രയ്ക്കായി സ്വരുക്കൂട്ടി സൂക്ഷിച്ച തുകയുമായി സ്‌കൂളിലെത്തിയ സംഭവത്തെ കുറിച്ച് അദ്ധ്യാപകനായ ജിജി വർഗീസ് ഫേസ്ബുക്കിൽ എഴുതിയത് ശ്രദ്ധേയമായിരിക്കുകയാണ്. വെള്ളപ്പൊക്കക്കാഴ്ചകൾ ടെലിവിഷനിൽ കണ്ടപ്പോൾ മനസലിഞ്ഞാണത്രെ ഭിന്നശേഷിക്കാരനായ ആ കുട്ടി തന്റെ സമ്പാദ്യം നൽകുവാൻ സന്നദ്ധത കാട്ടിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ചർച്ചകൾ കണ്ടപ്പോൾ, പറയാതിരിക്കുവാൻ കഴിയുന്നില്ല !
ഇന്ന് അക്കാഡമിക് മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ ഒരു വിദ്യാലയത്തിലായിരുന്നു. കുട്ടികൾ വളരെ കുറവാണ്. 'ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൊണ്ടു വന്നിട്ടുണ്ടോ ?' വളരെ കുറച്ചു കുട്ടികൾ മാത്രം പത്തു രൂപയും നാണയങ്ങളുമൊക്കെ കൊടുത്തു. അസംബ്ലി മുതലേ ഞങ്ങൾ ശ്രദ്ധിച്ച ഒരാൺകുട്ടി. കുറച്ച് ഓട്ടിസ്റ്റിക്കാണെന്ന് ടീച്ചർ പറഞ്ഞിരുന്നു. അവൻ കൊണ്ടു കൊടുത്തത് കറുത്ത പ്ലാസ്റ്റിക്കിന്റെ ഹുണ്ടികയാണ്. സ്‌കൂളിൽ നിന്നും വിനോദയാത്ര പോകാൻ കൂട്ടിക്കൂട്ടി വെച്ചതാണ്. ' വെള്ളപ്പൊക്കക്കാഴ്ചകൾ ടീവിയിൽ കണ്ടപ്പോൾ മനസലിഞ്ഞ് അവൻ പറഞ്ഞിരുന്നു. 'ഈ കുട്ടികൾക്കൊക്കെ എന്തുമാത്രം കഷ്ടപ്പാടാണ് !'. പൂപ്പൽ പിടിച്ച നൂറുകളും, പത്തുകളും, ചില്ലറയും എണ്ണി നോക്കിയപ്പോൾ 987 രൂപ.

അത്ഭുതപ്പെട്ടു നിൽക്കുമ്പോഴാണ് മറ്റൊരു ടീച്ചർ പറയുന്നത്, 'ഇതു കൂടാതെ ആയിരം രൂപ കൂടി അവൻ തന്നിട്ടുണ്ട്. ' അവന്റെ അച്ഛൻ എപ്പോഴോ ഹുണ്ടികയിൽ നിന്നെടുത്തതാണ്. ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിച്ചു അവർ അതും കൂടെ വാങ്ങി ടീച്ചറെ ഏൽപ്പിച്ചിരിക്കുന്നു.
അസംബ്ലിയിൽ മുറിവാക്കുകളാൽ കഥ പറഞ്ഞ , കൂട്ടിയോജിപ്പിച്ചാൽഅർത്ഥം കണ്ടെത്താനാവത്ത പുലമ്പലുകൾ നടത്തിയ അവറെ ഭിശേഷിക്കാരനായി കണ്ട എന്നോട് തന്നെ പുച്ഛം തോന്നി. അമ്പതിനായിരവും അറുപതിനായിരവും വാങ്ങി സാലറി ചലഞ്ചിന്റെ ധാർമികത ചർച്ച ചെയ്യുന്ന പ്രാരാബ്ദക്കാർ ഈ നാലാം ക്ലാസുകാരന്റെ മുന്നിൽ എത്രയോ ചെറുതാവുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ