ഇങ്ങനെയൊരു പ്രധാനമന്ത്രി ഇന്ത്യയിൽ ആദ്യം, മോദിയെ പുകഴ്‌ത്തി വിദേശ മാദ്ധ്യമം
September 14, 2018, 5:25 pm
ന്യൂഡൽഹി: എല്ലാ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ആയുഷ്‌മാൻ ഭാരതിനെ പുകഴ്‌ത്തി വിദേശ മാഗസിൻ. ഇത്തരത്തിലൊരു പ്രധാനമന്ത്രി ആദ്യമായാണ് ഇന്ത്യ ഭരിക്കുന്നതെന്നും മോദി എല്ലാവർക്കും മാതൃകയാണെന്നും ദ ലാൻസെറ്റ് എന്ന മാസികയുടെ ചീഫ് എഡിറ്ററായ റിച്ചാർഡ് ഹോർട്ടൺ പറയുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പല പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ടെങ്കിലും മോദി കെയറിന് ഒപ്പമെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം, ലേഖനം ബി.ജെ.പിയുടെ പ്രചാരണ വിഭാഗത്തിന്റെ സൃഷ്‌ടിയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ആരോഗ്യ സുരക്ഷയായിരിക്കും ഏറ്റവും വലിയ പ്രചാരണ ആയുധമാകുന്നത്. പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കണമെന്ന് ഏറെ നാളായി ഇന്ത്യയിലെ സർക്കാരുകളോട് അന്താരാഷ്ട്ര ഏജൻസികൾ അടക്കം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കാലങ്ങളായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന ആവശ്യത്തിനാണ് ഒടുവിൽ പരിഹാരമായിരിക്കുന്നത്. ആയുഷ്‌മാൻ ഭാരത് എന്ന പേരിൽ തുടങ്ങിയ പദ്ധതിയിലൂടെ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് മോദി ഉന്നമിടുന്നത്. 1,50,000 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയെന്നതാണ് ആദ്യപടി. 5 ലക്ഷം രൂപ വരെയുള്ള ചികിത്സാ ഇൻഷുറൻസ് നൽകുന്ന പദ്ധതിയാണ് മറ്റൊന്ന്. ഏതാണ്ട് 10 കോടി കുടുംബങ്ങൾക്ക് ഇതിന്റെ ഉപയോഗം ലഭിക്കുമെന്നും ലേഖനത്തിൽ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ