പേരിലെ തമ്പുരാട്ടി നൽകുന്ന ഊർജം വലുത്, വിമർശനവും പിന്തുണയും നിറഞ്ഞ് രാജകുടുംബാംഗത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്
September 14, 2018, 7:48 pm
പാരമ്പര്യ തനിമ പറഞ്ഞു കൊണ്ടുള്ള രാജകുടുംബാംഗത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ശ്രദ്ധേയമാകുന്നു. യുവ എഴുത്തുകാരിയും കോട്ടയം നട്ടാശ്ശേരി തെക്കുംകൂർ രാജകുടുംബാംഗവുമായ ലക്ഷ്‌മി ബായി തമ്പുരാട്ടിയുടെ ഫേസ്ബുക്ക് കുറിപ്പാണ് വിമർശനവും പിന്തുണയും ഒരുപോലെ ഏറ്റുവാങ്ങി ശ്രദ്ധേയമാകുന്നത്.

സമ്പത്തിനും സ്ഥാനമാനങ്ങൾക്കും മുകളിലാണ് പൈതൃകമായി കിട്ടിയ അറിവെന്നും, തന്റെ പേരിനോടു കൂടിയ തമ്പുരാട്ടി നൽകുന്ന ഊർജം ഏറെ വലുതാണെന്നും ലക്ഷ്‌മി ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'പ്രിയപ്പെട്ടവരേ, ജീവിതത്തിൽ ഞാൻ മുറതെറ്റാതെ പാലിക്കാൻ ആഗ്രഹിക്കുന്ന ചില നല്ല ശീലങ്ങൾ എനിക്ക് അമ്മൂമ്മ ലീലാബായി തമ്പുരാട്ടിയിൽനിന്നു കിട്ടിയതാണ്. സമ്പത്തിനും സ്ഥാനമാനങ്ങൾക്കും മുകളിലാണ് സംസ്‌കാര സമ്പന്നമായ പെരുമാറ്റമെന്ന് അമ്മൂമ്മ എന്നെ പഠിപ്പിച്ചിരുന്നു. അമ്മൂമ്മ താവഴിയിൽ കോട്ടയം നട്ടാശ്ശേരി തെക്കുംകൂർ രാജകുടുംബാംഗമാണ്. കേരള ചരിത്രത്തിൽ വെമ്പലനാട് എന്ന പേരിൽ തെക്കുംകൂർ അറിയപ്പെട്ടിരുന്നു. അപ്പൂപ്പൻ എഴുമറ്റൂർ അടവുംപുറത്ത് കോയിക്കൽ രാമവർമ തമ്പുരാൻ. അമ്മൂമ്മയുടെ അച്ഛൻ ഹരിപ്പാട് ചെമ്പ്രോൾ കൊട്ടാരത്തിലെ കേരള വർമ കോയി തമ്പുരാന്റെ സംരക്ഷണത്തിലായിരുന്നു എന്റെ അമ്മയുടെയും സഹോദരങ്ങളുടെയും ബാല്യകാലം. പിന്നീട് ആ വലിയ കുടുംബം ചെറുഘടകങ്ങളായി വേർപിരിഞ്ഞു. പൈതൃകമായി എനിക്കു ലഭിച്ചത് പണമോ പണ്ടങ്ങളോ ഭൂസ്വത്തോ ആയിരുന്നില്ല, അതിനേക്കാളൊക്കെ വിലയേറിയ ജീവിത മൂല്യങ്ങളാണ്. എന്റെ അമ്മൂമ്മ ഒരു ധീരവനിതയായിരുന്നില്ല. പക്ഷേ ജാതിമതഭേദമില്ലാതെ, സവർണതയുടെ അയിത്തമില്ലാതെ എല്ലാവരെയും സ്‌നേഹിക്കാൻ അവർക്കറിയാമായിരുന്നു. സാമ്പത്തികസ്ഥിതി മെച്ചമല്ലാതിരുന്നപ്പോഴും, പലപ്പോഴും മോശമായിരുന്നിട്ടും ചെറിയ വീടിന്റെ ഉമ്മറത്തിണ്ണയിൽ വിശക്കുന്നവർക്ക് അമ്മൂമ്മ നാക്കിലയിട്ട് ഊണ് വിളമ്പിക്കൊടുക്കുന്നത് എന്റെ കുട്ടിക്കാലത്ത് എത്ര കണ്ടിരുന്നു! സന്ധ്യാനാമജപം, സാരോപദേശകഥകൾ, പരമ്പരാഗത പാചകവിധികൾ, സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ, ആചാരരീതികൾ, ജീവകാരുണ്യം തുടങ്ങി അമ്മൂമ്മ എനിക്ക് പഠിപ്പിച്ചുതന്നതെല്ലാം എന്റെ ജീവിതത്തിൽ ഇന്നും പ്രയോജനപ്പെടുന്നു. ജാതിവ്യവസ്ഥയിൽ ഞാൻ തീരെ വിശ്വസിക്കുന്നില്ല, അതിനെതിരുമാണ്. എന്റെ പേരിനോടുകൂടി തമ്പുരാട്ടി എന്നു ചേർന്നിരിക്കുമ്പോൾ ചിലരെങ്കിലും വെറുതെ അസ്വസ്ഥപ്പെട്ടു കാണുന്നു. അവരോടെനിക്കു തെല്ലും നീരസമില്ല. ഒന്നു ഞാൻ പറഞ്ഞോട്ടെ, എന്നെ സംബന്ധിച്ചിടത്തോളം 'തമ്പുരാട്ടി' ഒരു സാംസ്‌കാരിക ചിന്തയുടെ ഭാഗമാണ്. ഒരു പാവം ഉപനാമം ! അതിൽ ഒരു തരിപോലും മിഥ്യാഭിമാനം ഇല്ല. പക്ഷേ അതു നൽകുന്ന ഊർജം വലുതാണ്, ഉത്തരവാദിത്വവും. നിത്യവും ഇ എം എസിന്റെ ചിത്രത്തിനു മുന്നിൽ വിളക്കുവച്ചു തൊഴുതിരുന്ന രാമ വർമ്മയുടെ കൊച്ചുമകൾക്ക് ആ പാരമ്പര്യത്തെ എങ്ങനെ എളുപ്പത്തിൽ ഉപേക്ഷിച്ചു പോകാൻ സാധിക്കും ?'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ