ചാരത്തിൽ നിന്ന് ഉയിർത്ത് ചാരക്കേസ്;​ സത്യം തെളിഞ്ഞാൽ രാഷ്‌ട്രീയ ഭൂകമ്പം
September 15, 2018, 12:30 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: സുപ്രീംകോടതി ഇന്നലെ നിയോഗിച്ച ജുഡിഷ്യൽ കമ്മിഷൻ ഇരുപത്തിനാലു വർഷം പിന്നോട്ടുനടന്ന് ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ സത്യം കണ്ടെത്തിയാൽ കേരളത്തിൽ രാഷ്‌ട്രീയ കോളിളക്കമുണ്ടാകും. രാഷ്ട്രീയം, പൊലീസ്, ഇന്റലിജൻസ്, കോടതികൾ, മാദ്ധ്യമങ്ങൾ, ബഹിരാകാശ ശാസ്ത്രജ്ഞർ, കേന്ദ്ര ഏജൻസികൾ എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിലുണ്ടാവും. സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കളാണ് കേസിന് പിന്നിലെന്ന് പത്മജാ വേണുഗോപാൽ വെളിപ്പെടുത്തിക്കഴിഞ്ഞു. കേസിലെ രാഷ്ട്രീയഗൂഢാലോചന പുറത്തുവന്നാൽ ഭൂകമ്പമാകും.

വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഫയലിൽ രൂപംകൊണ്ട ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ സി.ബി.ഐയെപ്പോലും ഒഴിവാക്കിയാണ് നിയമകമ്മിഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ഡി.കെ. ജെയിനെ സുപ്രീംകോടതി കേരളത്തിലേക്കയയ്ക്കുന്നത്. കള്ളക്കേസെടുത്തും വ്യാജതെളിവുകൾ ഉണ്ടാക്കിയും അന്വേഷണങ്ങൾ അട്ടിമറിക്കുന്ന പൊലീസിനുള്ള താക്കീതുമാണ് സുപ്രീംകോടതി വിധി. അന്ന് ഇന്ത്യയ്‌ക്ക് ഇല്ലാതിരുന്ന ക്രയോജനിക് റോക്കറ്റ് എൻജിൻ സാങ്കേതികവിദ്യ നാലുകോടി രൂപയ്ക്ക് ചോർത്തിക്കൊടുത്തെന്ന് കേട്ടപാടെ അറസ്റ്റും കേസുമായി ഇറങ്ങിയ കേരള പൊലീസിലെ ഉന്നതർ, സുപ്രീംകോടതി സമിതിയോട് തെളിവുകൾ വിശദീകരിക്കേണ്ടിവരും.

കേസ് തെളിയിക്കാൻ നടത്തിയ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പൊലീസിന് കുരുക്കാവും. നമ്പിനാരായണനെ തനിക്ക് അറിയില്ലായിരുന്നെന്നും ഐ.ബിയും പൊലീസും ചേർന്ന് അദ്ദേഹത്തിന്റെ പേര് പറയിച്ചതാണെന്നുമാണ് മാലിക്കാരി ഫൗസിയ ഹസന്റെ പരാതി. കുറ്റസമ്മതം വീഡിയോയിൽ പകർത്തുമ്പോൾ നമ്പിനാരായണന്റെ പേര് പേപ്പറിൽ എഴുതിക്കാണിച്ച് വായിപ്പിച്ചതായാണ് മറിയം റഷീദയുടെ വെളിപ്പെടുത്തൽ. 14 വയസുള്ള മകളെ കൺമുന്നിൽ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന ഫൗസിയയുടെ വെളിപ്പെടുത്തലും ഗുരുതരമാണ്. ജയിൽ മോചിതയായ ശേഷം കേരള പൊലീസിനും ഇന്റലിജൻസ് ബ്യൂറോയ്ക്കുമെതിരെ ഫൗസിയ കേസ് കൊടുത്തിരുന്നു. ബിസിനസുകാരനായ മകൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനാൽ കേസ് പിൻവലിക്കുന്നതായി മാലിദ്വീപിലെ ഇന്ത്യൻ എംബസിയിൽ എഴുതി നൽകിയെന്നാണ് ഫൗസിയയുടെ വെളിപ്പെടുത്തൽ.

ചാരക്കേസ് കെട്ടുകഥയാണെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഐ.ജി ജി. ബാബുരാജ് കേസ് ഡയറിയിൽ എഴുതിയത് പൊലീസിന് വിനയാവും. മുൻവിധിയോടെയാണ് സിബി മാത്യൂസ് കേസ് അന്വേഷിച്ചത്. രമൺ ശ്രീവാസ്തവയെ കുടുക്കാൻ ഐ.ബി ശ്രമിച്ചു. ബംഗളൂരുവിൽ ഫൗസിയ കണ്ടത് ശ്രീവാസ്തവയെ അല്ല, വ്യോമസേനാ വിംഗ്കമാൻഡറായിരുന്ന ഭാസിനെയായിരുന്നു. വി.എസ്.എസ്.സി ഡയറക്ടറായിരുന്ന മുത്തുനായകത്തെയും പ്രതിചേർക്കാൻ ഐ.ബി ശ്രമിച്ചു. നമ്പിനാരായണനെ വെള്ളംപോലും കൊടുക്കാതെ ദിവസങ്ങളോളം ഉപദ്രവിച്ചു എന്നൊക്കെയാണ് ബാബുരാജ് വെളിപ്പെടുത്തിയിട്ടുള്ളത്.

മാലിക്കാർ വഴി ബഹിരാകാശ രഹസ്യങ്ങൾ ചോർന്നതായി തനിക്ക് തോന്നലുണ്ടായെന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഡിവൈ.എസ്.പി വിജയന്റെ മൊഴി. കെട്ടുകഥ സത്യമാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സി.ബി.ഐ ഡി.ഐ.ജി പി.എം.നായർ പറയുന്നു. കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോവാതിരുന്ന മാലിക്കാരികളെ പൊലീസ് ചാരക്കേസിൽ പെടുത്തുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തിൽ കെട്ടുകഥകൾ പൊളിയുകയായിരുന്നു.

ക്രയോജനിക് സാങ്കേതിക വിദ്യയുടെ ഘടകമോ എൻജിനോ അന്ന് രൂപകല്പന ചെയ്തിരുന്നില്ലെന്നും ഐ.എസ്.ആർ.ഒയെ തകർക്കുകയെന്നതുൾപ്പെടെയുള്ള ഗൂഢലക്ഷ്യങ്ങളോടെ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും ഐ.എസ്.ആർ.ഒ മുൻചെയർമാൻ ഡോ. ജി. മാധവൻനായരും വെളിപ്പെടുത്തിയിട്ടുണ്ട്. ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായി മാധവൻനായർ ചുമതലയേറ്റപ്പോഴായിരുന്നു കേസിന്റെ തുടക്കം. റോക്കറ്റ് എൻജിന്റെ രേഖകളിൽ ആയിരക്കണക്കിന് സൂക്ഷ്‌മഘടകങ്ങളുടെ ഡ്രോയിംഗുകളും വിശദീകരണങ്ങളുമടക്കം വലിയ കടലാസ് കെട്ടുകളുണ്ടാവും. 24 മണിക്കൂറും കേന്ദ്രസേനയുടെ കാവലുള്ള കേന്ദ്രങ്ങളിൽ ഇത് കടത്തുക അസാദ്ധ്യമാണെന്ന മാധവൻനായരുടെ വാക്കുകൾ അന്വേഷണ സംഘത്തിന് തിരിച്ചടിയാവും. മാലിക്കാരികൾ വഴി ക്രയോജനിക് സാങ്കേതികവിദ്യ പാകിസ്ഥാനും വികാസ് എൻജിന്റെ സാങ്കേതികവിദ്യ റഷ്യയ്ക്കും കൈമാറിയെന്നാണ് കേസ്. 1994ൽ ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതിക വിദ്യയില്ല. 1977ൽ ഫ്രാൻസിൽ നിന്ന് ഇന്ത്യ വികാസ് എൻജിൻ സാങ്കേതികവിദ്യ നേടും മുൻപേ റഷ്യയ്ക്ക് ഇത് സ്വന്തമായുണ്ട്. ഈ അടിസ്ഥാനവിവരങ്ങൾ പൊലീസിന് തിരിച്ചടിയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ