മാധവൻ വിളിച്ചു, നമ്പിയുടെ ജീവിതം ഇനി അഭ്രപാളിയിലേക്ക്
September 15, 2018, 12:40 am
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സുപ്രീംകോടതി വിധിയിൽ സന്തോഷിച്ചിരിക്കെ നമ്പി നാരായണന് ഒരു ഫോൺ കാൾ എത്തി. നടൻ മാധവനാണ് അങ്ങേ തലയ്ക്കൽ. നമ്പിനാരായണന്റെ ജീവിതം സിനിമയാവുകയാണ്. ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിട്ട നമ്പിനാരായണനെ സ്ക്രീനിൽ അവതരിപ്പിക്കുന്നത് മാധവനാണ്. ബിഗ് ബഡ്ജറ്റിൽ ഹിന്ദിയിലാണ് ഇനിയും പേരിട്ടില്ലാത്ത ഒരുങ്ങുന്നത്.

'സിനിമയുടെ പോസ്റ്റർ മുംബയിൽ റിലീസ് ചെയ്യാനിരിക്കവേ കോടതി വിധിയും വന്നു. ഒരുപാട് സന്തോഷമുണ്ട്, പറയാൻ വാക്കുകളില്ല...' മാധവൻ പറഞ്ഞു. സംസാരത്തിനിടയിൽ ഇപ്പോൾ ചികിത്സയിലാണെന്ന് മാധവൻ. നന്നായി വിശ്രമിക്കൂ എന്ന് നമ്പി നാരായണനും.

നമ്പി നാരായണന്റെ സംഭവബഹുലമായ ജീവിതം പ്രശസ്ത സംവിധായകനും നടനുമായ ആനന്ദ് മഹാദേവനാണ് ഒരുക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ആനന്ദ് മഹാദേവൻ നേരത്തെ പറഞ്ഞിരുന്നു. തന്റെ അനുഭവങ്ങൾ തിരിച്ചറിയാൻ സിനിമ വഴിയൊരുക്കിയാൽ അത് വലിയ കാര്യമാണെന്നാണ് നമ്പി നാരായണൻ വിശ്വസിക്കുന്നത്. നമ്പി നാരായണൻ എഴുതിയ ഓർമ്മകളുടെ പ്രഭണ പഥം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ. ഈ പുസ്തകത്തിന്റെ പ്രകാശനവേളയിൽ നടൻ മാധവൻ പങ്കെടുത്തിരുന്നു.

ഇന്നലെ രാവിലെ കോടതി വിധി വന്നതു മുതൽ പെരുന്താന്നിയിലെ വസതിയിൽ നമ്പി നാരായണൻ തിരക്കിലായിരുന്നു. ഇടയ്ക്ക് ഭാര്യയും മകനും എത്തി അദ്ദേഹത്തെ പൂജാമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി ആരതി ഉഴിഞ്ഞു. പ്രാസാദം കഴിച്ച് വീണ്ടും അതിഥികളുടെ മുന്നിലേക്ക്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന്റെ ക്ഷീണം മറന്ന് എല്ലാവരുമായും ആഹ്ളാദം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ