കൊച്ചുണ്ണിക്കായി തിയേറ്റർ വിട്ടുതരില്ലെന്ന് ലെനിൻ രാജേന്ദ്രൻ, തന്റെ 'ശബ്‌ദം' അവഗണിക്കരുതെന്ന് സംവിധായകൻ
October 7, 2018, 11:14 am
നിവിൻപോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ പേരിൽ മറ്റൊരു ചിത്രത്തിന് പ്രദർശനാവസരം നിഷേധിച്ച് സർക്കാരും ചലച്ചിത്ര വികസന കോർപ്പറേഷനും. കേൾവിയും സംസാര ശേഷിയുമില്ലാത്തവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പി.കെ.ശ്രീകുമാർ സംവിധാനം ചെയ്യുന്ന 'ശബ്‌ദം' എന്ന ചിത്രത്തിനാണ് റിലീസ് ദിവസമായ ഒക്ടോബർ 11ന് തിയേറ്റർ വിട്ടു നൽകാത്തത്.

സർക്കാരിന്റെ തിയേറ്റർ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രനും കത്ത് നൽകിയിരുന്നെങ്കിലും കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുന്നത് കൊണ്ട് ഒരു സർക്കാർ തിയേറ്ററും വിട്ടുതരാൻ പറ്റില്ലെന്നാണ് അറിയിച്ചതെന്ന് ശ്രീകുമാർ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാർ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ശബ്‌ദം സിനിമ എടുത്തതു തന്നെ ജന്മനാ കേൾക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികൾക്ക് അവസരം കൊടുക്കാൻ വേണ്ടിയാണ്. സിനിമയുടെ മുഖ്യധാരയിലേക്ക് എത്തപ്പെടാൻ കഴിയാതിരുന്ന 50 ൽ പരം പുതുമുഖങ്ങൾക്ക് അവസരം കൊടുത്തു. October 11 ന് ഈ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു. സർക്കാരിന്റെ തീയറ്റർ അനുവദിക്കാർ മന്ത്രി A. K. ബാലനും KSFDC ചെയർമാൻ ലെനിൻ രാജേന്ദ്രനും ഒരു മാസം മുൻപേ കത്ത് കൊടുത്തിരുന്നു. അവർ പരിഗണിക്കാമെന്ന് പറയുകയും ചെയ്തിരുന്നു..

കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സർക്കാർ തീയറ്ററും ശബ്ദത്തിന് നൽകാൻ കഴിയില്ലായെന്നാണ് ലെനിൻ രാജേന്ദ്രൻ പറയുന്നത്. ഏറ്റവും ചെറിയ ഒരു സർക്കാർ തീയറ്റർ പോലും ഞങ്ങൾക്ക് തരാൻ കഴിയില്ലായെന്ന് ലെനിൻ രാജേന്ദ്രൻ പറയുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് അരുടെയും ശുപാർശയില്ലാതെ കേരളത്തിലെ എല്ലാ സ്വകാര്യ തീയറ്ററുകളും കിട്ടും. ശബ്ദം പോലെയുള്ള സിനിമകൾക്ക് സർക്കാർ തീയറ്റർ തന്നില്ലെങ്കിൽ പിന്നെ ആരു സഹായിക്കും ??!!

ചങ്കുപൊട്ടുന്ന വേദനയോടെയാണ് സർക്കാർ തീയറ്ററുകൾ ഞങ്ങൾക്ക് തരില്ലായെന്ന് കേട്ടത്. വായിക്കുന്നവർ ദയവായി ഷെയർ ചെയ്യുക. സർക്കാർ ചിലപ്പോൾ ജനങ്ങളുടെ ' ശബ്ദം ' ഉയർന്നാൽ മറിച്ചൊരു തീരുമാനമെടുക്കും... ജനകീയ സർക്കാരിൽ ഞങ്ങൾക്ക് ഇനിയും പ്രതീക്ഷയുണ്ട്...

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ