Thursday, 25 May 2017 12.34 PM IST
കേന്ദ്രമന്ത്രി അനിൽ മാധവ് ദവേ അന്തരിച്ചു
May 19, 2017, 12:10 am
ന്യൂഡൽഹി: കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അനിൽ മാധവ് ദവേ (60) അന്തരിച്ചു. ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെ 8.30ഓടെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 9.30ന് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് എയിംസ് ആശുപത്രി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നു. ജനുവരിയിൽ കടുത്ത ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. ദവേയുടെ നിര്യാണത്തെ തുടർന്ന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷവർദ്ധന് നൽകി. ദവേയുടെ സംസ്കാരം ഇന്ന് ഇൻഡോറിൽ നടക്കും.

കഴിഞ്ഞദിവസം രാത്രി വൈകിയും അദ്ദേഹം ഓഫീസ് സംബന്ധമായ ചുമതലകളിൽ വ്യാപൃതനായിരുന്നു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ജനിതക മാറ്റം വരുത്തിയ കടുകിന് (ജി.എം കടുക്) അംഗീകാരം നൽകുന്നതിനെതിരെ പ്രതിഷേധം അറിയിക്കാനെത്തിയ സംഘവുമായി ദീർഘ നേരം അദ്ദേഹം ചർച്ച നടത്തിയിരുന്നു. തുടർന്ന് രാത്രി പ്രധാനമന്ത്രിയുമായി ദവേ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇന്നലെ കോയമ്പത്തൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു.

1956 ജൂലായ് ആറിന് മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ ബർനാഗറിലാണ് ദവേയുടെ ജനനം. ഇൻഡോറിലെ ഗുജറാത്തി കോളേജിൽ നിന്നും എം.കോമിന് പഠിക്കവേയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അടിയന്തരാവസ്ഥ കാലത്തെ ജെ.പി. മൂവ്മെന്റിൽ സജീവമായി പങ്കെടുത്ത അദ്ദേഹം ആർ.എസ്.എസിലേക്ക് തിരിഞ്ഞു. തുടർന്ന് പ്രചാരകനായ അദ്ദേഹം വിവാഹിതനല്ല. പരിസ്ഥിതി പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്.

2009ലാണ് മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം ജൂലായിൽ നടന്ന കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിലാണ് മന്ത്രിയായത്. പ്രകാശ് ജാവദേക്കർ മാനവിവിഭവ ശേഷി മന്ത്രിയായപ്പോൾ, ദവേയ്‌ക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം ലഭിച്ചു. ദീർഘകാലം ആർ.എസ്.എസിന്റെ ഭാഗമായിരുന്ന ദവേ 2003ലാണ് ബി.ജെ.പിയുടെ ചുമതലകൾ ഏറ്റെടുത്തത്. 2003 മുതൽ മദ്ധ്യപ്രദേശിൽ നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നു. ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ദവേ ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമില്ല.

നദികളുടെ സംരക്ഷണത്തിന് വേണ്ടി എന്നും നിലയുറപ്പിച്ച ദവേ വലിയ അണക്കെട്ടുകള്‍ നിർമ്മിക്കുന്നതിനെതിരായിരുന്നു. നർമ്മദ സംരക്ഷണത്തിന് വേണ്ടിയാണ് ജീവിതത്തിന്റെ കൂടുതൽ സമയവും ചെലവഴിച്ചത്. മോശം ആരോഗ്യാസ്ഥ അവഗണിച്ച് കഴിഞ്ഞാഴ്ചയും മദ്ധ്യപ്രദേശ് സർക്കാരിന്റെ നർമ്മദ യാത്രയിൽ പങ്കെടുത്തിരുന്നു. പ്രകൃതിദത്ത കൃഷി രീതികളെയും ദവേ പ്രോത്സാഹിപ്പിച്ചിരുന്നു. ഹിന്ദിയിലും ഇംഗ്ളീഷിലുമായി 11 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

മന്ത്രിയുടെ അപ്രതീക്ഷിത വേർപാടിൽ രാഷ്ട്രപതി പ്രണബ് മുഖർജി ദുഃഖം രേഖപ്പെടുത്തി. പ്രകൃതി സംരക്ഷണത്തിന് വേണ്ടി ദവേ നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി ഡോ.ഹമീദ് അൻസാരി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുൺ ജയ്‌റ്റ്‌ലി, നിതിൻ ഗഡ്കരി, വെങ്കയ്യ നായിഡു, തുടങ്ങിയവരും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തുടങ്ങിയവരും അനുശോചിച്ചു.

 നരേന്ദ്ര മോദി
''ബുധനാഴ്ച രാത്രി വൈകിയും മന്ത്രി ദവേയുമായി സുപ്രധാന നയങ്ങൾ ചർച്ച ചെയ്തിരുന്നു. അപ്രതീക്ഷിത വേര്‍പാട് ഞെട്ടിപ്പിക്കുന്നതാണ്. വ്യക്തിപരമായ നഷ്ടമാണ്. ഏറെ ബഹുമാനമുള്ള സഹപ്രവര്‍ത്തകനായിരുന്നു. സ്വയം സമര്‍പ്പിച്ച പൊതു പ്രവര്‍ത്തകനും. പ്രകൃതി സംരക്ഷണത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം നിഷ്‌കര്‍ഷത പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ദവേ.''
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ