Wednesday, 24 May 2017 3.14 PM IST
കൽക്കരി അഴിമതിക്കേസ്: മുൻ കൽക്കരി സെക്രട്ടറിയും കുറ്റക്കാരനെന്ന് കോടതി
May 20, 2017, 12:10 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൽക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കൽക്കരി വകുപ്പ് മുൻ സെക്രട്ടറി എച്ച്.സി. ഗുപ്ത ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി വിധിച്ചു. മദ്ധ്യപ്രദേശിലെ രുദ്രപുരയിലെ കൽക്കരിപ്പാടം കമൽ സ്‌പോഞ്ച് സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന് (കെ.എസ്.എസ്.പി.എൽ) അനധികൃതമായി നൽകിയ കേസിലാണ് നടപടി. ഗുപ്തയ്ക്ക് പുറമേ കൽക്കരി വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി കെ.എസ്. ക്രോഫ, കൽക്കരിപ്പാടം വിതരണത്തിന്റെ ഡയറക്ടറായ കെ.സി. സമറിയ എന്നീ ഉദ്യോഗസ്ഥരും കമ്പനിയുടെ എം.ഡി പവൻ കുമാർ അഹ്‌ലുവാലിയയും കമ്പനിയും കേസിൽ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഭരത് പരാശരൻ വിധിച്ചു. ഇവർക്കുള്ള ശിക്ഷ 22ന് വിധിക്കും.
ഇന്ത്യൻശിക്ഷ നിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന) വകുപ്പ് പ്രകാരമുള്ള കുറ്റവും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളുമാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. കേസിലെ പ്രതിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അമിത് ഗോയലിനെ വെറുതേവിട്ടു. കൽക്കരിപ്പാടത്തിനായി കമ്പനി നൽകിയ അപേക്ഷ പോലും അപൂർണമായിരുന്നുവെന്ന് കോടതി കണ്ടെത്തി. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അപേക്ഷ പരിഗണിച്ചാണ് കൽക്കരിപ്പാടം അനുവദിച്ചത്. കമ്പനിക്ക് കൽക്കരിപ്പാടം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നില്ല. കഴിഞ്ഞവർഷം ഒക്ടോബറിലാണ് പ്രതികൾക്കെതിരായ കുറ്റം ചുമത്തിയത്.
ബിർളയുടെ ഹിൻഡാൽക്കോ, ജിൻഡാൽ, ടാറ്റ തുടങ്ങിയ 25 ഓളം കമ്പനികൾക്ക് അനധികൃതമായി കൽക്കരിപ്പാടം അനുവദിച്ച കേസുകളാണ് പ്രത്യേക കോടതി പരിഗണിക്കുന്നത്. ഇതിൽ എട്ട് കേസുകളിൽ എച്ച്.സി. ഗുപ്ത പ്രതിയാണ്. കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലാണ് പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്. നേരത്തേ ഛത്തീസ്ഗഡിലെ കെസ്‌ല നോർത്ത് ബ്ളോക്ക് അനധികൃതമായി നേടിയെടുത്ത രതി സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിലെ (ആർ.എസ്.പി.എൽ) മൂന്ന് ഉദ്യോഗസ്ഥരെയും ജാർഖണ്ഡിലെ ഇസ്പത് പ്രൈവറ്റ് ലിമിറ്റഡിന്റെ (ജെ.ഐ.പി.എൽ) ഡയറക്‌ടർമാരെയും കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ