Thursday, 25 May 2017 12.33 PM IST
റേറ്റിംഗിൽ അട്ടിമറി: ബാർക്കിനെതിരെ ദേശീയ ചാനലുകൾ
May 20, 2017, 12:10 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സംപ്രേക്ഷണം തുടങ്ങി രണ്ടാഴ്ച പിന്നിടും മുൻപ് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനലായി അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് റേറ്റിംഗ് നൽകിയ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന് (ബാർക്ക്) എതിരെ ദേശീയ ചാനലുകൾ രംഗത്തെത്തി. റിപ്പബ്ളിക് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന റേറ്റിംഗ് പുറത്തുവിടരുതെന്ന ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ (എൻ.ബി.എ) ആവശ്യം ബാർക്ക് തള്ളിയിരുന്നു. ഇതിന് പിന്നാലെ ബാർക്കിൽ നിന്നും പുറത്തുപോകാൻ ദേശീയ ചാനലുകൾ തീരുമാനിച്ചു.
മേയ് ആറ് മുതൽ മേയ് 12വരെ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് റിപ്പബ്ളിക് ടിവിയാണെന്നാണ് ബാർക്ക് റേറ്റിംഗിലുള്ളത്. ടൈംസ് നൗ, എൻ.ടി.ഡി.വി, ഇന്ത്യാ ടുഡെ, സി.എൻ.എൻ ന്യൂസ് തുടങ്ങിയ പ്രമുഖ ചാനലുകൾ റിപ്പബ്ളികിനെക്കാൾ ഏറെ പിന്നിലാണെന്നാണ് റേറ്റിംഗിൽ പറയുന്നത്. ഇതിന് പിന്നാലെ, തങ്ങളാണ് ഇന്ത്യയിലെ ഒന്നാം നമ്പർ എന്ന അവകാശവാദവുമായി അർണാബ് ഗോസ്വാമി രംഗത്തുവരികയും ചെയ്തിരുന്നു.
എന്നാൽ, ഈ കണക്കുകൾ തെറ്റാണെന്നാണ് മറ്റ് ചാനലുകളുടെ വാദം. ടെലികോം അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) നിയമങ്ങൾ ലംഘിച്ച് ഹാത്‌വേ, ഡെൻ പോലുള്ള നെറ്റ്‌വർക്കുകളിൽ ഒന്നിലേറെ നമ്പറുകളിൽ റിപ്പബ്ളിക് ചാനൽ ലഭ്യമാകുന്നുണ്ട്. ഇത് നിയമവിരുദ്ധമാണെന്നാണ് എൻ.ബി.എയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് എൻ.ബി.എ ട്രായ്‌ക്കും പരാതി നൽകി. ബാർക്കിനും ട്രായ്‌ക്കും നൽകിയ പരാതികളിൽ തീർപ്പുണ്ടാകുന്നത് വരെ റേറ്റിംഗ് പുറത്തുവിടരുതെന്ന് എൻ.ബി.എ സെക്രട്ടറി ജനറൽ ആനി ജോസഫ് ബാർക്ക് സി.ഇ.ഒ പാർത്ഥോ ദാസ്ഗുപ്തയ്‌ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളി റേറ്റിംഗ് പുറത്തുവിട്ടതോടെയാണ് ബാർക്കിൽ നിന്നും പുറത്തുപോകാൻ ദേശീയ വാർത്താ ചാനലുകൾ തീരുമാനിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ