Thursday, 25 May 2017 12.26 PM IST
കർണന്റെ ഹർജി നിലനിൽക്കില്ല
May 20, 2017, 12:47 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ തന്നെ ആറ് മാസം തടവിന് ശിക്ഷിച്ച ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കർണൻ സമർപ്പിച്ച റിട്ട് ഹർജി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കി. ഹർജി സ്വീകരിക്കാനാവില്ലെന്നും രജിസ്‌ട്രി കർണന്റെ അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയെ അറിയിച്ചു.
ഹർജി രജിസ്ട്രി സ്വീകരിച്ചാലേ കോടതി പരിഗണിക്കൂ. ഹർജി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഭരണഘടനയിലെ 226-ാം അനുച്ഛേദ പ്രകാരം ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ. നെടുമ്പാറ പറഞ്ഞു.
സുപ്രീംകോടതി എല്ലാ വാദങ്ങളും കേട്ട ശേഷം ശിക്ഷ വിധിച്ച സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കണമെന്ന അപേക്ഷ സ്വീകരിക്കാനാവില്ലെന്നാണ് വിവിധ വിധികൾ ചൂണ്ടിക്കാട്ടി രജിസ്ട്രി വ്യക്തമാക്കിയിട്ടുള്ളത്.
ശിക്ഷയുടെ വിശദമായ ഉത്തരവ് ലഭിക്കാതെ ജസ്റ്റിസ് കർണന് നിയമപരമായി പുനഃപരിശോധനാ (റിവ്യൂ) ഹർജി നൽകാനാവില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിട്ട് ഹർജി നൽകേണ്ടിവന്നത്.
തന്നെ ശിക്ഷിച്ച സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കർണൻ രാഷ്ട്രപതിയെയും സമീപിച്ചിട്ടുണ്ട്. ഏത് കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെയും ശിക്ഷ ഇളവ് ചെയ്യാനും റദ്ദാക്കാനും സ്റ്റേ ചെയ്യാനും രാഷ്ട്രപതിക്ക് വിശേഷാധികാരം നൽകുന്ന ഭരണഘടനയുടെ 72-ാം അനുച്ഛേദപ്രകാരമാണ് ജസ്റ്റിസ് കർണൻ രാഷ്ട്രപതിക്ക് ഹർജി നൽകിയത്. ഇതിനിടെ, കൽക്കട്ട ഹൈക്കോടതിയിലെ ഒരു കൂട്ടം അഭിഭാഷകരും കർണനെതിരെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ