രാംനാഥ് കോവിന്ദ്:തിളങ്ങുന്ന വ്യക്തിത്വം
June 20, 2017, 12:05 am
വി.എസ്.സനകൻ
ആരാണ് ഈ രാം നാഥ് കോവിന്ദ്? 2015 ആഗസ്റ്റിൽ ഗവർണറായി നിയമതിനായപ്പോൾ ബീഹാറിലെ രാഷ്ട്രീയ നേതാക്കൾ ആദ്യം പ്രതികരിച്ചത് ഈ ചോദ്യത്തോടെയാണ്. ഇന്നലെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ ഇതേ പേര് രാജ്യത്തിന്റെ പ്രഥമ പൗരന്റെ സ്ഥാനത്തേക്കുള്ള എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോഴും ഇതേ ചോദ്യമാണ് ആവർത്തിക്കപ്പെട്ടത്. ആരാണ് ഈ കോവിന്ദ്. എന്നാൽ, ബീഹാർ ഗവർണറായ രാംനാഥ് ഗോവിന്ദ് ബി.ജെ.പിയിലും ആർ.എസ്.എസിലും സുപരിചിതനാണ്. ബി.ജെ.പിയുടെ ദളിത് മോർച്ചയുടെ ദേശീയ അദ്ധ്യക്ഷനായും പാർട്ടിയുടെ ദേശീയ വക്താവും പ്രവർത്തിച്ചിട്ടുണ്ട്. സുഷമ സ്വരാജ് അടക്കമുള്ളവരുടെ പേരുകൾ പരിഗണിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും രാംനാഥ് കോവിന്ദിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ ബി.ജെ.പി പ്രതിപക്ഷ പാർട്ടികളെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കിയെന്ന കാര്യത്തിൽ സംശയമില്ല.
നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ കാലം മുതൽ ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ ആരോപണം സർക്കാർ ദളിത് വിരുദ്ധമാണെന്നതാണ്. യു.പിയിലും മോദിയുടെ സ്വന്തം ഗുജറാത്തിലുമടക്കം ദളിത് പ്രക്ഷോഭങ്ങൾ കത്തിപ്പടർന്നു. ഏറ്റവും ഒടുവിൽ വന്ന കാലിച്ചന്തകളിൽ കന്നുകാലികളെ കശാപ്പിന് വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പോലും ദളിത് വിരുദ്ധമാണെന്ന പ്രചാരണം ശക്തമായി. ഈ ഘട്ടത്തിലാണ് രാജ്യത്തിന്റെ സുപ്രധാന പദവിയിലേക്ക് ഭരണകക്ഷി ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.
പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീണുവെന്നതിന്റെ തെളിവാണ് കോവിന്ദിന്റെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം വന്നതിന് പിന്നാലെ ബി.എസ്.പി അദ്ധ്യക്ഷ മായാവതി നടത്തിയ പ്രസ്താവന. കോവിന്ദിനെക്കാൾ നല്ലൊരു ദളിതനെ ഉയർത്തിക്കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് അവർ വ്യക്തമാക്കി. അതേസമയം, കോവിന്ദിനെ പിന്തുണയ്‌ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി പറഞ്ഞു. സുഷമ സ്വരാജോ എൽ.കെ.അദ്വാനിയോ ആയിരുന്നെങ്കിൽ പിന്തുണ നൽകുന്ന കാര്യം പരിഗണിക്കാനാകുമായിരുന്നുവെന്നും പാർട്ടിയുടെ ദളിത് മോർച്ചയുടെ അദ്ധ്യക്ഷനായിരുന്നുവെന്നത് കൊണ്ട് മാത്രം കോവിന്ദിനെ രാജ്യത്തിന്റെ ദളിത് മുഖമായി കാണാനാവില്ലെന്നും മമത പറയുന്നു.
ഡോ.ബി.ആർ.അംബേദ്കറിന്റെ ചെറുമകനായ പ്രകാശ് യശ്വന്ത് അംബേദ്കറിനെ രംഗത്തിറക്കണമെന്ന വാദം പ്രതിപക്ഷ നിരയിൽ ശക്തമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഭരിപ്പ ബഹുജൻ മഹാസംഘ് എന്ന രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനായ പ്രകാശ്, രണ്ട് തവണ ലോക്‌സഭയിലേക്കും ഒരു പ്രാവശ്യം രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ്.
അതേസമയം, ഐക്യ ജനതാദളിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. ഇന്നലെ രാംനാഥ് കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അദ്ധ്യക്ഷനുമായ നിതീഷ് കുമാർ അദ്ദേഹത്തെ രാജ്ഭവനിൽ സന്ദർശിച്ച് വിജയാശംസകൾ നേർന്നിരുന്നു. ഈ കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
പദവിലിയിരുന്ന് രാഷ്ട്രപതിമാർ മരണപ്പെട്ടപ്പോൾ രണ്ട് തവണ ആക്ടിംഗ് രാഷ്ട്രപതിയായ മുൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള ഒഴിച്ചാൽ നാളിതുവരെ കസേരയിലിരുന്ന 13 രാഷ്ട്രപതിമാരിൽ ഒരാൾ പോലും യു.പിയിൽ നിന്നുള്ളവരായിരുന്നില്ല. യു.പിയിൽ നിന്നുള്ള കോവിന്ദിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ സമാജ്‌വാദി പാർട്ടിയെ പ്രതിരോധത്തിലാക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. കോവിന്ദിന് പിന്തുണ നൽകണമെന്നാണ് മുലായം സിംഗ് യാദവിന്റെ നിലപാട്. അതേസമയം, സർക്കാർ ആരെ രംഗത്തിറക്കിയാലും എതിർക്കണമെന്നാണ് മകനും പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് പറയുന്നത്.
1997ൽ രാഷ്ട്രപതിയായ മലയാളികൂടിയായ കെ.ആർ.നാരായണൻ ആണ് ആ പദവിയിലെത്തിയ ആദ്യ മലയാളിയും ദളിതനും. അന്ന് ശിവസേന ടി.എൻ.ശേഷനെയാണ് എതിർസ്ഥാനാർത്ഥിയായി രംഗത്തിറക്കിയത്. എന്നാൽ, ഐ.കെ.ഗുജ്‌റാളിന്റെ നേതൃത്വത്തിലുള്ള ഐക്യ മുന്നണി സർക്കാർ മുന്നോട്ട് വച്ച നാരായണന്റെ പേരിന് എല്ലാവരുടെയും പിന്തുണ ലഭിച്ചു. ശിവസേനയുടെ സ്ഥാനാർത്ഥിയുണ്ടായിട്ടും അന്ന് ബി.ജെ.പി നാരായണന് വോട്ട് ചെയ്തു. ഉയർന്ന സമുദായക്കാരുടെ പാർട്ടിയാണ് ബി.ജെ.പിയെന്ന വാദം പൊളിക്കാൻ ആ തിരഞ്ഞെടുപ്പ് അവരെ സഹായിച്ചിരുന്നു. 20 വർഷത്തിന് ശേഷം ബി.ജെ.പി തന്നെ ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാളെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരുമ്പോൾ പിന്നാക്ക ദളിത് വിഭാഗങ്ങൾക്കൊപ്പമാണ് തങ്ങൾ എന്ന് പറയാനാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, നിതീഷ് കുമാറിന്റെ മഹാ ദളിത് വിഭാഗത്തിന്റെ പിന്തുണ പൊളിക്കാനാണ് ദളിതരിൽ തന്നെ കോലി വിഭാഗത്തിലെ അംഗമായ രാംനാഥ് കോവിന്ദിനെ ഗവർണറായി കേന്ദ്ര സർക്കാർ നിയമിച്ചത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആണ് പാർട്ടിയിൽ കോവിന്ദിന്റെ അടുപ്പക്കാരൻ. 2012ലെ യു.പി തിരഞ്ഞെടുപ്പിൽ ചമാറുകളുടെ വോട്ടുകൾ ഉറപ്പിക്കാനും മായാവതിയുടെ വോട്ട് ഭിന്നിപ്പിക്കാനുമായി രാജ്നാഥ് രാംനാഥ് കോവിന്ദിനെ രംഗത്തിറക്കിയിരുന്നു. കോവിന്ദിലൂടെ 2019 ലെ പൊതു തിരഞ്ഞെടുപ്പാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്.
 മാദ്ധ്യമങ്ങളിൽ നിന്നും എന്നും അകന്നുനിന്ന രാംനാഥ്
കോവിന്ദിന്റെ പേര് ഇന്നലെ അമിത് ഷാ പ്രഖ്യാപിച്ചപ്പോൾ ബീഹാർ ഗവർണർ എന്നതിന് അപ്പുറമുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു മാദ്ധ്യമപ്രവർത്തകർ. മാദ്ധ്യമങ്ങളിൽ നിന്നും എന്നും അകലം പാലിച്ച് നിന്ന വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ബി.ജെ.പിയുടെ ദേശീയ വക്താവ് എന്ന സുപ്രധാന സ്ഥാനത്തിരുന്നപ്പോഴും വാർത്താ ചാനലുകൾക്ക് മുന്നിൽ പ്രക്ഷ്യപ്പെടാനോ അഭിമുഖം നൽകാനോ രാംനാഥ് കോവിന്ദ് തയ്യാറായിരുന്നില്ല. വിവാദങ്ങളിൽ ചെന്ന് ചാടാതിരിക്കാനായിരുന്നു ഈ മുൻകരുതൽ.
ലളിതമായ ജീവിതരീതിയാണ് കോവിന്ദിനെ ശ്രദ്ധേയനാക്കുന്ന മറ്റൊരു കാര്യം. ദീർഘകാലം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നിട്ടും അദ്ദേഹം ഡൽഹിയിലെ കാലിബാരിയിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. എം.പിയായപ്പോൾ സർക്കാർ ഫ്ളാറ്റ് ലഭിച്ചപ്പോഴാണ് വാടക വീട്ടിലെ താമസം ഒഴിഞ്ഞത്.
ഉത്തർപ്രദേശിലെ കാൻപൂരിലെ ദേഹാത്തിൽ 1945 ഒക്ടോബർ ഒന്നിന് മൈക്കുലാലിന്റെയും കലാവതിയുടെയും മകനായിട്ടാണ് കോവിന്ദിന്റെ ജനനം. സവിത കോവിന്ദ് ആണ് ഭാര്യ. പ്രശാന്ത് കുമാർ മകനും സ്വാതി മകളുമാണ്.
കാൻപൂർ സർവകലാശാലയിൽ നിന്നും ബി.കോമും നിയമ ബിരുദവും നേടിയ കോവിന്ദ്, 1971ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 1977 -79 കാലത്ത് ഡൽഹി ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലായിരുന്നു. തുടർന്ന് 1980-93 കാലത്ത് സുപ്രീംകോടതിയിലെ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസലായും പ്രവർത്തിച്ചു.
1994ലാണ് കോവിന്ദ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. അതേ വർഷം തന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രണ്ട് ടേം (1994-2006) അദ്ദേഹം രാജ്യസഭാംഗമായി പ്രവർത്തിച്ചു. നിരവധി പാർലമെന്ററി കാര്യ സമിതികളിൽ അംഗമായിരുന്ന കോവിന്ദ്, 2002ൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് യു.എൻ ജനറൽ അസംബ്ളിയിൽ പ്രസംഗിക്കുകയും ചെയ്തു. കൊൽക്കത്ത ഐ.ഐ.എമ്മിന്റെ ബോർഡ് ഒഫ് ഗവർണേഴ്സ് അംഗമായും ലക്‌നൗ ഡോ.ബി.ആർ.അംബേദ്കർ സർവകലാശാല ബോർഡ് ഒഫ് മാനേജ്മെന്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1998 – 2002 കാലത്താണ് ദളിത് മോർച്ചയുടെ ദേശീയ അദ്ധ്യക്ഷനായത്. അഖിലേന്ത്യാ കോലി സമാജിന്റെ അദ്ധ്യക്ഷനായിരുന്നു. 1997ൽ ദളിത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരെ സമരം നയിച്ചത് കോവിന്ദ് ആയിരുന്നു. തുടർന്ന് അധികാരത്തിൽ വന്ന വാജ്‌പേയി സർക്കാർ ആ ഉത്തരവുകൾ റദ്ദാക്കി. ഗ്രാമീണ മേഖലയിൽ സ്കൂളുകൾ നിർമ്മിക്കുന്നതിനും വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിനും വേണ്ടിയാണ് തന്റെ പ്രാദേശിക വികസന ഫണ്ടിലെ തുക മുഴുവൻ കോവിന്ദ് വിനിയോഗിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ