Saturday, 24 June 2017 7.42 PM IST
കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം: പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വിള്ളൽ
June 20, 2017, 12:05 am
സ്വന്തം ലേഖകൻ
 22ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം
ന്യൂഡൽഹി: ബീഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സ്ഥാനാർത്ഥിയെ നിറുത്തുന്ന കാര്യത്തിൽ അഭിപ്രായ ഭിന്നത ഉടലെടുത്തു. കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം ഏകപക്ഷീയമാണെന്ന് കോൺഗ്രസും സി.പി.എമ്മും ആരോപിച്ചപ്പോൾ, കോവിന്ദിനെ സ്ഥാനാർത്ഥിയാക്കിയതിൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അദ്ധ്യക്ഷനുമായ നിതീഷ് കുമാർ സന്തോഷം പ്രകടിപ്പിച്ചു. കോവിന്ദിനെക്കാൾ മികച്ചൊരു ദളിത് സ്ഥാനാർത്ഥിയെ രംഗത്തിറക്കിയില്ലെങ്കിൽ പിന്തുണയ്‌ക്കില്ലെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും വ്യക്തമാക്കി.
മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ, ഗാന്ധിജിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പ്രതിപക്ഷ പാർട്ടികളുടെ പട്ടികയിലുണ്ടായിരുന്നത്. ഭരണപക്ഷത്തിന്റെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായ സാഹചര്യത്തിൽ 22ന് യോഗം ചേരാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്ന് തീരുമാനമാകുമെന്നാണ് സൂചന.
സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായിട്ടാണെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുമായി ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കും. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുൻപ് സമവായത്തിലെത്താൻ സർക്കാർ ശ്രമിക്കണമായിരുന്നു. പേര് പ്രഖ്യാപിച്ച ശേഷമാണ് വിളിച്ച് അറിയിച്ചത്. അതിനാൽ ഇനി സമവായത്തിന് ഇടമില്ല. സ്ഥാനാർത്ഥിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ആസാദ് പറഞ്ഞു. 22ന് ചേരുന്ന യോഗത്തിൽ നിതീഷ് കുമാർ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് തന്റെ പാർട്ടിയെ പ്രതിനിധീകരിച്ച് ഒരാൾ ഉണ്ടാകുമെന്ന് നിതീഷ് ഉറപ്പ് നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
തീരുമാനം ഏകപക്ഷീയമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി. സ്ഥാനാർത്ഥിയെ തീരുമാനിച്ച ശേഷം പാർട്ടികളുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് ബി.ജെ.പി സമിതി നേരത്തേ അറിയിച്ചത്. എന്നാൽ, അതുണ്ടായില്ല. ഒരു പൊതു സ്ഥാനാർത്ഥിയെ കണ്ടെത്താൻ പ്രതിപക്ഷം ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ഇന്നലെ പാട്നയിലെ രാജ്ഭവനിലെത്തി ഗവർണർ രാംനാഥ് കോവിന്ദിന് നേരിട്ട് അഭിനന്ദനം അറിയിച്ച ശേഷമാണ് സ്ഥാനാർത്ഥിത്വത്തിൽ സന്തോഷമുണ്ടെന്ന് നിതീഷ് കുമാർ പ്രതികരിച്ചത്. അതേസമയം, തന്റെ പാർട്ടിയുടെ പിന്തുണ സംബന്ധിച്ച കാര്യം പ്രതിപക്ഷ പാ‌ർട്ടികളുടെ യോഗത്തിന് ശേഷം അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിന്ദിനെതിരെ സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയും വ്യക്തമാക്കിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ