Sunday, 23 July 2017 6.18 AM IST
പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം, അനുശോചനം രേഖപ്പെടുത്തി പിരിയും
July 17, 2017, 12:20 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആഗസ്റ്റ് 11വരെ നീണ്ടുനിൽക്കുന്ന പാർലെന്റിന്റെ വർഷകാലസമ്മേളനത്തിന് ഇന്ന് തുടക്കമാകും. സഭാ നടപടികളുണ്ടാവില്ല. അന്തരിച്ച അംഗങ്ങളായ നടൻ വിനോദ് ഖന്ന (ലോക്‌സഭ), മുൻ കേന്ദ്രമന്ത്രി അനിൽ ദവെ, പി. ഗോവർദ്ധൻ റെഡ്ഡി (രാജ്യസഭ) എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി ഇരു സഭകളും പിരിയും. തുടർന്ന് അംഗങ്ങൾ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ പങ്കെടുക്കും.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളാണ് ഈ സമ്മേളനത്തിലെ പ്രധാന പരിപാടികളെങ്കിലും ഒട്ടേറെ വിഷയങ്ങളിൽ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ഒരുങ്ങിയിരിക്കുകയാണ്. ആഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. ആകെ 19 സിറ്റിംഗുകളാണ് സമ്മേളന കാലയളവിലുള്ളത്. ചൈനീസ് അതിക്രമം, ജമ്മു കാശ്മീരിലെ ക്രമസമാധാന പ്രശ്നങ്ങളും അതിർത്തിയിലെ സംഘർഷങ്ങളും, കർഷക ആത്മഹത്യ, പശുസംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും എന്നിവ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.
അതേസമയം, 18 ഓളം ബില്ലുകളാണ് ഇത്തവണ പാർലമെന്റിന്റെ പടികടക്കാൻ കാത്തുനിൽക്കുന്നത്. വിസിൽ ബ്ളോവേഴ്സ് പ്രൊട്ടക്ഷൻ (ഭേദഗതി) ബിൽ, മോട്ടോർ വാഹന ഭേദഗതി ബിൽ എന്നിവ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല. 2017ലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ബിൽ, അഴിമതി നിരോധന (ഭേദഗതി) ബിൽ, സിറ്റിസൺഷിപ്പ് ഭേദഗതി ബിൽ എന്നിവ രണ്ട് സഭകളും കടക്കേണ്ടതുണ്ട്. ജമ്മു കാശ്മീരിനായുള്ള ജി.എസ്.ടി ബിൽ, ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ, സ്റ്റേറ്റ് ബാങ്ക് ഭേദഗതി ബിൽ, മിനിമം വേതനം ഉറപ്പാക്കുന്ന ലേബർ കോഡ‌് ഓൺ വേജസ് ബിൽ എന്നിവയാണ് മറ്റ് സുപ്രധാന ബില്ലുകൾ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ