Sunday, 23 July 2017 6.17 AM IST
ഗോ സംരക്ഷകർക്ക് നേരെ സംസ്ഥാനങ്ങൾ ശക്തമായ നടപടിയെടുക്കണം: മോദി
July 17, 2017, 12:21 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഗോസംരണത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നവർക്കെതിരെ സംസ്ഥാനങ്ങൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുച്ചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജി.എസ്.ടി നടപ്പാക്കാൻ സഹായിച്ചതിന് രാഷ്ട്രീയ പാർട്ടികൾക്ക് മോദി നന്ദി പറഞ്ഞു.

ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങൾക്ക് വർഗീയ നിറം നൽകാൻ ശ്രമം നടക്കുന്നുണ്ട്. അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ചിലർ ശ്രമിക്കുന്നത്. ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഗോസംരക്ഷണത്തിന്റേ പേരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സംസ്ഥാനങ്ങൾ എടുക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകിയതായി യോഗത്തിന് ശേഷം പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഡൽഹിയിൽ നിന്നും ഹരിയാനയിലേക്കുള്ള ട്രെയിൻ യാത്രയ്‌ക്കിടെ ജുനൈദ് എന്ന 16കാരനെ ഒരു സംഘം ആളുകൾ ഗോമാംസം കഴിക്കുന്നവ‌രാണെന്ന് ആക്രോശിച്ചുകൊണ്ട് കുത്തിക്കൊന്നിരുന്നു. ഇതിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഗുജറാത്തിൽ സബർമതിയിൽ വച്ചും ഗോരക്ഷാ പ്രവർത്തകർക്കെതിരെ പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഗോസംരക്ഷണത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അനുവദിക്കാനാവില്ലെന്ന് മോദി പറഞ്ഞിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന വന്ന ദിവസവും ജാർഖണ്ഡിൽ ജനക്കൂട്ടം ഒരാളെ ഗോമാംസം കടത്തിയെന്ന് ആരോപിച്ച് അടിച്ചുകൊന്നിരുന്നു.
ചൈനീസ് അതിക്രമം, ജമ്മു കാശ്മീരിലെ സംഘർഷങ്ങളും അതിർത്തിയിലെ വെടിവയ്പും, പശുവിന്റെ പേരിലുള്ള രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും, മദ്ധ്യപ്രദേശിൽ കർഷർക്ക് നേരെയുണ്ടായ വെടിവയ്‌പ് എന്നിവ വർഷകാല സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സിക്കിമിലെ പ്രശ്നങ്ങൾക്ക് കാരണം ചൈനയാണ്. അത് നേരിടുന്നതിന് സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ആസാദ് വ്യക്തമാക്കി. ബംഗാളിലെ സംഘർഷങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്ന് വ്യക്തമാക്കി കേന്ദ്രവുമായി ഇടഞ്ഞുനിൽക്കുന്ന തൃണമൂൽ കോൺഗ്രസ് സർവകക്ഷി യോഗത്തിൽ നിന്നും വിട്ടുനിന്നു. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ഡി.എം.കെയും യോഗത്തിനെത്തിയില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ