Sunday, 23 July 2017 6.15 AM IST
തെരുവു നായ കേസ്: പഞ്ചായത്ത് അംഗങ്ങൾക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു
July 18, 2017, 12:54 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോടതി ഉത്തരവ് മറികടന്ന് തെരുവു നായ്‌ക്കളെ പരസ്യമായി കൊന്നതിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്ന് സുപ്രീംകോടതി നടപടികൾ അവസാനിപ്പിച്ചു.
കിഴുവിലം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ, പഞ്ചായത്ത് അംഗങ്ങളായ ബിജു കുമാർ, എ. ഷാജഹാൻ, ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് അംഗം മഞ്ജു പ്രദീപ് എന്നിവർക്കെതിരായ നടപടികളാണ് അവസാനിപ്പിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ അഡ്വ. രമേശ് ബാബു മുഖേനയാണ് ഇവർ മാപ്പ് അപേക്ഷിച്ചത്. സംഭവത്തിൽ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലാത്തതിനാൽ നിരുപാധികം മാപ്പ് അപേക്ഷിക്കുകയാണെന്ന് സത്യവാങ്മൂലത്തിലൂടെ ഇവർ വ്യക്തമാക്കി.
അതേസമയം, കേസിൽ പ്രതിസ്ഥാനത്തുള്ള ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് കേസുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു. താൻ ഭാഗമല്ലാത്ത സംഭവത്തിൽ തന്നെ പ്രതിയാക്കിയിരിക്കുകയാണ്. അതിനാൽ വണ്ടിച്ചെലവും കോടതിച്ചെലവും ഹർജിക്കാരിയിൽ നിന്ന് ഈടാക്കി നൽകണമെന്നും പ്രദീപിന് വേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശ് വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന പ്രദീപിന്റെ വാദം കണക്കിലെടുത്ത് കോടതി മൂന്നാഴ്ച സമയം നൽകി.
നായ്‌ക്കളെ കൊല്ലാൻ നേതൃത്വം നൽകിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ജോസ് മാവേലിയും സഹായിയായ രഞ്ജൻ വാരാപ്പുഴയും ഇന്നലെ നേരിട്ട് ഹാജരായിരുന്നില്ല. മറുപടി നൽകാൻ ഇവർക്കും മൂന്നാഴ്ച സമയം അനുവദിച്ചു.
ഏപ്രിൽ ഏഴിന് കിഴുവിലം കാട്ടുംപുറം ചരുവിളവീട്ടിൽ കുഞ്ഞുകൃഷ്ണൻ (85) തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചു. തുടർന്ന് അടുത്ത ദിവസം നാട്ടുകാർ സംഘടിച്ച് പ്രദേശത്തെ ആക്രമണകാരികളായ തെരുവ് നായ്ക്കളെ പിടികൂടി കൊന്നിരുന്നു. ഇതിനെതിരെ നികിത ആനന്ദ് നൽകിയ കോടതിയലക്ഷ്യ കേസിലാണ് നടപടി.


corr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ